ദേശീയപാത നിർമ്മാണത്തിൽ പ്രഥമദൃഷ്ട്യാ അപാകത

Saturday 17 December 2022 10:37 PM IST

തൃശൂർ : ദേശീയപാത നിർമ്മാണത്തിൽ പ്രഥമ ദൃഷ്ട്യാ അപാകതകളുണ്ടെന്ന് പൊതുമരാമത്ത് അധികൃതരുടെ റിപ്പോർട്ട്.

ഇതുസംബന്ധിച്ച റിപ്പോർട്ട് പി.ഡബ്ള്യു.ഡി വിഭാഗം കളക്ടർ ഹരിത വി.കുമാറിന് നൽകി.

മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത വഴുക്കുംപാറയിലെ റോഡിലെ വിള്ളൽ സംബന്ധിച്ച് വിശദീകരണം ആരാഞ്ഞുള്ള റിപ്പോർട്ടിലാണ് ഈ സൂചനയുള്ളത്. ദേശീയ പാതയുടെ വശങ്ങൾ ഭിത്തികെട്ടി സംരക്ഷിക്കുന്നതിൽ വീഴ്ച്ച സംഭവിച്ചുണ്ടോ, ഉണ്ടെങ്കിൽ പരിഹാരം, ഗതാഗതം വഴിതിരിച്ചു വിടേണ്ട സാഹചര്യം ഉണ്ടോ തുടങ്ങിയ കാര്യത്തിലാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

അതേസമയം അപാകത അറിഞ്ഞുകഴിഞ്ഞ 13ന് കരാർ കമ്പനിയോട് വിശദീകരണം തേടിയതായി ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ വ്യക്തമാക്കി. ദേശീയപാത അധികൃതർക്കായി വിപിൻ മധുവും പി.ഡബ്‌ളിയു.ഡി വിഭാഗം ഇ റോഡ്‌സ് വിഭാഗത്തിനായി ഉദ്യോഗസ്ഥൻ ഹരീഷുമാണ് റിപ്പോർട്ട് സമർപ്പിച്ചത്.

കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി സ്ഥലം സന്ദർശിച്ച് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതനുസരിച്ച് തയ്യാറാക്കിയ റിപ്പോർട്ടിലാണ് അപാകത നേരത്തെ കണ്ടെത്തിയിരുന്നുവെന്ന് വ്യക്തമാക്കിയത്. പാലക്കാട് ദേശീയപാത അതോറിറ്റി ഡെപ്യൂട്ടി മാനേജറുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം ഇന്നലെ സ്ഥലം സന്ദർശിച്ചിരുന്നു. വിള്ളലിന്റെ ആഴം അറിയാനായി ഇവിടം തുരക്കേണ്ടതുണ്ടെന്നാണ് ദേശീയപാത അധികൃതർ നൽകുന്ന വിശദീകരണം.

ഇരു വിഭാഗവും നൽകിയ റിപ്പോർട്ട് റവന്യൂ മന്ത്രി കെ.രാജന്റെ സാന്നിദ്ധ്യത്തിൽ ചേരുന്ന യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും. യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യും. പി.ഡബ്‌ളിയു.ഡി ഇ-റോഡ്‌സ് വിഭാഗം നൽകിയ പ്രാഥമിക റിപ്പോർട്ടിൽ തന്നെ നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഹരിത വി.കുമാർ കളക്ടർ.