വ്യാജ അക്കൗണ്ട് വഴി തട്ടിപ്പ്: യുവാവ് പിടിയിൽ

Sunday 18 December 2022 3:58 AM IST

കോഴിക്കോട് :ഡാർക്ക് വെബിലും നിരവധി വെബ്സൈറ്റുകളിൽ വ്യാജ ഫോൺ നമ്പറുകളും ഇ-മെയിൽ വിലാസങ്ങളും ഉപയോഗിച്ചു അക്കൗണ്ടുകൾ നിർമിക്കുകയും ബിറ്റ്കോയിൻ ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുകയും ചെയ്തിരുന്ന യുവവ് പിടിയിൽ. ഉത്തർപ്രദേശ് സ്വദേശിയായ ആശിഷ് രാമശ്രേയാണ് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

ഉത്തർപ്രദേശിലെ വാരണാസിയിൽ ശിവപൂർ താമസിക്കുകയായിരുന്ന പ്രതിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സിറ്റി പ്രിൻസിപ്പൽ ഡിസ്ട്രികറ്റ് ആൻഡ് സെഷൻസ് ജഡ്ജ് ആയിരുന്ന പി.രാഗിണിയുടെ പേരും ഔദ്യോഗിക വിലാസവും ഫോട്ടോയും ഉപയോഗിച്ച് വാട്സ്ആപ്പിൽ ഒരു വ്യാജ അക്കൗണ്ട് നിർമിക്കുകയും ഇവരുടെ ആമസോൺ ഗിഫ്റ്റ് കാർഡുകൾ സഹപ്രവർത്തകരോട് ആവശ്യപ്പെടുകയുമായിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് കേസിനസ്പദമായ സംഭവം. പ്രതിയുടെ കയ്യിൽ നിന്നും കേസിലെ കുറ്റകൃത്യത്തിനുപയോഗിച്ച വിദേശ സിം കാർഡും, മൊബൈൽ ഫോണും കണ്ടെടുത്തു. കോഴിക്കോട് സിറ്റി സൈബർ ഡോം സബ് ഇൻസ്പെക്ടർ നിഖിൽ എസ്, സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ ഓഫീസർമാരായ ജിതേഷ് കൊള്ളങ്ങോട്ട്, രഞ്ജിത്ത് ഒതയമംഗലത്ത്, സിവിൽ ഓഫീസർ സജി കുമാർ.വി എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Advertisement
Advertisement