മാസം അഞ്ചായി ... ആധാർ ഓപ്പറേറ്റർമാർക്ക് ശമ്പളമില്ല

Sunday 18 December 2022 12:36 AM IST

ആലപ്പുഴ: ആധാർ കാർഡിന്റെ സുരക്ഷ ഉറപ്പാക്കാൻ എസ്.ബി.ഐ ബ്രാഞ്ചുകളിൽ നിയമിച്ച ആധാർ ഓപ്പറേറ്റർമാർക്ക് വേതനമില്ലാതായിട്ട് അഞ്ചുമാസം.

വിവിധ ജില്ലകളിലായി 600ൽ അധികം ഓപ്പറേറ്റർമാരാണ് വലയുന്നത്. മുംബയ് ആസ്ഥാനമായുള്ള യൂട്ടിലിറ്റി ഫോംസ് എന്ന മാൻപവർ ഏജൻസിയുടെ കീഴിൽ ജോലി ചെയ്യുന്നവർക്കാണ് ശമ്പളം മുടങ്ങിയത്. ജി.എസ്.ടി ഉൾപ്പെടെ 23,600 രൂപ ഒരാളുടെ പേരിൽ ഏജൻസി എസ്.ബി.ഐയിൽ നിന്നു ‌കൈപ്പറ്റുന്നുണ്ടെങ്കിലും 8,000 രൂപ മാത്രമാണ് ആധാർ ഓപ്പറേറ്റർക്ക് നൽകുന്നത്. ഇ.എസ്.ഐ, പി.എഫ് തുടങ്ങിയ ആനുകൂല്യങ്ങളും ഇവർക്കില്ല. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന ഓപ്പറേറ്റർക്ക് തങ്ങളുടെതല്ലാത്ത ചെറിയ പിഴവ് വന്നാൽ പിഴയും സസ്‌പെൻഷനും! ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത്തരത്തിൽ വലിയ തോതിൽ തൊഴിൽ ചൂഷണം നടത്തുന്നതെന്ന് ഓപ്പറേറ്റർമാർ ആരോപിക്കുന്നു.

നാലുവർഷമായി തൊഴിൽ ചൂഷണം നടന്നിട്ടും എസ്.ബി.ഐ നടപടി സ്വീകരിച്ചിട്ടില്ല. ജില്ലാ ലേബർ ഓഫീസർമാരുടെ നേതൃത്വത്തിൽ ലേബർ എൻഫോഴ്സ്‌മെന്റ് വിഭാഗം പരിശോധന നടത്താത്തത് നിയമലംഘകർക്ക് സഹായകരമാകുന്നു.

# ആവിയായി പരാതികൾ

ശമ്പളം മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂണിൽ ഓപ്പറേറ്റർമാർ എസ്.ബി.ഐയുടെ മുംബയിലുള്ള കേന്ദ്ര ഓഫീസിലേക്ക് പരാതി അയച്ചിരുന്നു. ബാങ്കുമായുള്ള കരാറിന്റെ പകർപ്പ് വിവരാവകാശ നിയമപ്രകാരം നൽകാതെ ഏജൻസിയെ എസ്.ബി.ഐ സഹായിച്ചു. ആധാർ പ്രോജക്ടുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഏജൻസിയും തമ്മിൽ രഹസ്യ ഇടപാടുകളുണ്ടെന്ന് പലതവണ ആക്ഷേപമുയർന്നിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ ബ്രാഞ്ചുകളിലാണ് ഏജൻസിക്ക് കൂടുതൽ ഓപ്പറേറ്റർമാരുള്ളത്. തൊഴിൽ ചൂഷണത്തെ തുടർന്ന് അഞ്ച് ഓപ്പറേറ്റർമാരാണ് രണ്ടുമാസത്തിനിടെ രാജിവച്ചത്.

# യോഗ്യത പ്ളസ്ടു

പ്ലസ് ടു യോഗ്യതയുള്ളവരെയാണ് ഓപ്പറേറ്ററായി നിയമിക്കുന്നത്. യു.ഐ.ഡി.എ.ഐ ഓപ്പറേറ്റർമാരെ ജില്ലാ അക്ഷയ പ്രോഗ്രാം ഓഫീസ് രജിസ്ട്രാറാണ് കരാറുകാർ നിയമനം നട‌ത്തുന്നത്. ഓപ്പറേറ്റർമാർക്ക് ശമ്പളം നൽകുന്നത് രജിസ്ട്രാർമാരാണ്. ആധാർ ഏജൻസിയായ യു.ഐ.ഡി.എ.ഐക്ക് കീഴിൽ സർക്കാർ, ബാങ്കുകൾ, വിവിധ പൊതുമേഖല സ്ഥാപനങ്ങൾ രജിസ്ട്രാർമാരായി പ്രവർത്തിക്കുന്നു.


ആധാർ ഓപ്പറേറ്റർമാരെ നിയമിക്കുന്നത് രജിസ്ട്രാർമാരും എൻറോൾമെന്റ് ഏജൻസിയുമാണ്. യു.ഐ.ഡി.എ.ഐക്ക് നിയമനവുമായി ബന്ധമില്ല. ജീവനക്കാരുടെ ശമ്പളത്തിന്റെ പൂർണ ഉത്തരവാദിത്വം ബന്ധപ്പെട്ട ബാങ്കുകൾക്കാണ്.

എസ്.കൃഷ്ണമൂർത്തി, ഡെപ്യൂട്ടി ഡയറക്ടർ, യു.ഐ.ഡി.എ.ഐ ആർ.ഒ, ബംഗളുരു

ബാങ്കുകളിലെ ആധാർ പ്രോജക്ടുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. മിനിമം വേതനം കൃത്യമായി എല്ലാ മാസവും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബ്രാഞ്ച് മാനേജർമാർക്ക് സർക്കാർ നിർദ്ദേശം നൽകണം. ലേബർ കമ്മിഷണറും മനുഷ്യാവകാശ കമ്മിഷനും ഇടപെടണം

ആധാർ ഓപ്പറേറ്റർമാർ

Advertisement
Advertisement