തട്ടാരമ്പലം സപ്ലൈകോ ഗോഡൗണിൽ മന്ത്രി​യുടെ പരിശോധന

Sunday 18 December 2022 12:38 AM IST

മാവേലിക്കര : തട്ടാരമ്പലത്തിലെ സപ്ലൈകോ ഗോഡൗണിൽ നിന്നും അരിയും ഗോതമ്പും കടത്തിയ സംഭവത്തിന് പിന്നാലെ മന്ത്രി ജി.ആർ അനിൽ ഗോഡൗൺ​ സന്ദർശി​ച്ചു. പച്ചയായ കൊള്ളയാണ് നടന്നതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ പേരെയും നിയമത്തിന് മുന്നിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തട്ടിപ്പിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ എറണാകുളം റീജിയണൽ മാനേജർക്ക് നിർദേശം നൽകി. ഭക്ഷ്യസുരക്ഷാ നയത്തിന്റെ ഭാഗമായി വാതിൽപ്പടി സേവനത്തിലേക്ക് മാറിയപ്പോൾ പുതിയ ഗോഡൗണുകൾ കണ്ടെത്തേണ്ടി വന്നു. പലർ ചേർന്ന് ഘട്ടംഘട്ടമായാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. പരിശോധനയിൽ ഇവിടെ നിന്ന് 21 ലോഡ് സാധനം നഷ്ടപ്പെട്ടതായി കണ്ടെത്തി. പുതിയ കരാറുകാരനെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ചെന്നിത്തലയിൽ പുതിയ വെയർഹൗസ് ആയിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങൾ ഇവിടെ സുരക്ഷിതമായി സംഭരിക്കാൻ കഴിയും. ഇനിയുള്ള വിതരണം കൃത്യമായി മുന്നോട്ടു പോകാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

എല്ലാ താലൂക്കുകളിലും ശാസ്ത്രീയമായി ഗോഡൗണുകൾ നിർമ്മി​ച്ച് ഭക്ഷ്യ ധാന്യങ്ങൾ സൂക്ഷിക്കാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്ന് ആരംഭിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങൾ ക്യാമറ നിരീക്ഷണത്തിലാക്കും. ഇവിടെ എത്തുന്ന വാഹനങ്ങൾക്ക് കളർ കോഡ് നൽകുവാൻ ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോ എറണാകുളം റീജിയണൽ മാനേജർ ലീല കൃഷ്ണൻ, മാവേലിക്കര താലൂക്ക് സപ്ലൈ ഓഫീസർ ബീന, ചെങ്ങന്നൂർ ഡിപ്പോ മാനേജർ ഷൈനി എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Advertisement
Advertisement