ലിയോ വരാഡ്കർ ചുമതലയേറ്റു

Sunday 18 December 2022 5:11 AM IST

ഡബ്ലിൻ : അയർലൻഡിന്റെ പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജനായ ലിയോ വരാഡ്കർ (43) ഇന്നലെ ചുമതലയേറ്റു. ഇത് രണ്ടാം തവണയാണ് ലിയോ ഐറിഷ് പ്രധാനമന്ത്രിയാകുന്നത്. ലിയോയുടെ ഫീന ഗെയ്ൽ ഉൾപ്പെടെ മൂന്ന് പാർട്ടികൾ അടങ്ങുന്ന സഖ്യസർക്കാരിലെ ധാരണയനുസരിച്ചാണ് അധികാര കൈമാറ്റം.


ഫിയാന ഫോയ്‌ൽ പാർട്ടി നേതാവ് മൈക്കൽ മാർട്ടിൻ രണ്ടര വർഷ കാലാവധി പൂർത്തിയാക്കി ഇന്നലെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. മാർട്ടിൻ രാജ്യത്തിന്റെ പുതിയ ഉപപ്രധാനമന്ത്രിയായി ചുമതലയേറ്റു. 2020 മുതൽ രാജ്യത്തെ ഉപപ്രധാനമന്ത്രിയായി തുടർന്ന ലിയോ 2017 ജൂൺ - 2020 ജൂൺ കാലയളവിലാണ് നേരത്തെ പ്രധാനമന്ത്രി പദത്തിലിരുന്നത്.

ഐറിഷ് പ്രധാനമന്ത്രി പദത്തിലെത്തിയ ഏ​റ്റവും പ്രായം കുറഞ്ഞ വ്യക്തിയായ ലിയോ ഒരു ഡോക്ടറും രാജ്യത്തിന്റെ ചരിത്രത്തിലെ സ്വവർഗാനുരാഗിയായ ആദ്യ പ്രധാനമന്ത്രിയുമാണ്. കൊവിഡ് മഹാമാരി രാജ്യത്ത് റിപ്പോർട്ട് ചെയ്ത സമയം പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം ആഴ്ചയിലൊരിക്കൽ ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചിരുന്നു. മഹാരാഷ്ട്രയിൽ നിന്ന് അയർലൻഡിലേക്ക് കുടിയേറിയ അശോക് വരാഡ്കറുടെയും ഐറിഷ് വംശജ മിറിയത്തിന്റെയും മകനാണ് ലിയോ വരാഡ്കർ.

Advertisement
Advertisement