ജമ്മുവിലെ പ്രതിഷേധം: സൈന്യം ഉറപ്പ് നല്കി

Sunday 18 December 2022 1:47 AM IST

ശ്രീനഗർ: ജമ്മുവിലെ രജൗജിയിൽ സൈനിക ക്യാമ്പിനു പുറത്തു നടന്ന വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തോട് സഹകരിക്കുമെന്ന് സൈന്യവും നീതിയുക്തമായ അന്വേഷണം നടത്തുമെന്ന് പൊലീസും നാട്ടുകാർക്ക് ഉറപ്പു നല്കി. കൊലപാതാകത്തെത്തുടർന്ന് വലിയ പ്രതിഷേധങ്ങളാണ് ഉയർന്നത്. രോഷാകുലരാ നാട്ടുകാർ ക്യാമ്പിനു നേരെ കല്ലെറിയുകയും സൈന്യത്തെ കുറ്രപ്പെടുത്തുകയും ചെയ്തിരുന്നു.

വ്യാഴ്ഴ്ച രാവിലെയാണ് ക്യാമ്പിലെ തൊഴിലാളികളും പ്രദേശവാസികളുമായ ഷാലിന്ദർ കുമാർ,​ കമൽ കിഷോർ എന്നിവർ അജ്‌ഞാതർ നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടത്. ഭീകരർ ക്യാമ്പിന് നേരെ വെടിവയ്പ് നടത്തിയതാണെന്ന് സൈന്യം വിശദീകരണം നല്കിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് ഇവർ കൊല്ലപ്പെട്ടതെന്ന് നാട്ടുകാർ ആരോപിക്കുകയും പ്രതിഷേധിക്കുകയുമായിരുന്നു. ഇതിനെത്തുടർന്നാണ് അന്വേഷണത്തോട് സഹകരിക്കുമെന്ന് സൈന്യം ഉറപ്പ് നല്കിയത്.