വീട്ടിലെ സ്‌റ്റെയർകേസിന്റെ പടി അവസാനിക്കുന്നത് വലതുകാൽ വയ്ക്കുമ്പോഴോ, ഇടതുകാലിലോ? വാസ്‌തു ഫലം ഇങ്ങനെ

Sunday 18 December 2022 12:44 PM IST

വീട്ടുകാരുടെ സാമ്പത്തിക സ്ഥിതിയും സ്റ്റെയർകേസുമായി ബന്ധമുണ്ടോ? തീർച്ചയായും ഉണ്ട്. സ്റ്റെയർ കേസ് നിർമ്മിക്കുന്ന സ്ഥാനത്തിനും പടികളുടെ എണ്ണത്തിനും ഇക്കാര്യത്തിൽ വളരെയധികം ബന്ധമുണ്ടെന്നാണ് പ്രശസ്ത വാസ്തുശാസ്ത്ര വിദഗ്ദ്ധനായ ഡോ. മനോജ് എസ് നായർ പറയുന്നത്. വീട്ടിലേക്കുള്ള പടിക്കെട്ടുകൾ വലതുകാൽ വച്ച് കയറിത്തുടങ്ങുന്ന ഒരാൾക്ക് മുകളിലെത്തുമ്പോൾ വലതുകാൽ വച്ചുതന്നെ വീട്ടിനുളളിലേക്ക് പ്രവേശിക്കാൻ കഴിയണം. അതിനാൽ പടികളുടെ എണ്ണം എപ്പോഴും ഇരട്ടസംഖ്യയിലായിരിക്കണം. ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

സ്റ്റെയർകേസ് നിർമ്മിക്കുന്ന ദിക്കിന്റെ കാര്യത്തിലാണ് ഏറെ ശ്രദ്ധവേണ്ടത്. തെക്ക് പടിഞ്ഞാറേ മൂലയാണ് ഏറ്റവും ഉചിതം. ഒരുകാരണവശാലും വടക്ക് കിഴക്കായി പണിയരുത്. ഇത് കുടുംബത്തിൽ സാമ്പത്തിക പ്രയാസങ്ങൾക്കൊപ്പം മറ്റ് പ്രശ്നങ്ങൾക്കും ഇടയാക്കിയേക്കും.

വീട്ടിലെ പ്രധാനവാതിലിനുനേരെ ഒരിക്കലും സ്റ്റെയർകേസ് പണിയരുത്. അല്പം ഇടത്തേക്കോ വലത്തോക്കോ മാറ്റി പണിയുന്നതാണ് ഉത്തമം. പ്രധാന വാതിലിൽ നിന്നുനോക്കുമ്പോൾ സ്റ്റെയർകേസ് കാണരുതെന്ന് ചിലർ പറയുന്നുണ്ടെങ്കിലും ഇതിനു ശാസ്ത്രീയ അടിത്തറയില്ല. വീടിന്റെ മദ്ധ്യഭാഗത്ത് സ്റ്റെയർകേസ് പണിയുന്നത് അഭികാമ്യമല്ല. വലത്തേക്ക് തിരിഞ്ഞുകയറുന്ന രീതിയിൽ വേണം പണിയാൻ എന്നകാര്യവും പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിനുള്ളിലെ സ്റ്റെയർകേസിനടിഭാഗം പൂജാമുറിയായി ഒരിക്കലും ഉപയോഗിക്കരുത്.