'കലാകാരൻ എന്ന നിലയിൽ വലിയ ദുഃഖം തോന്നുന്നുണ്ട്'; പഠാൻ വിവാദത്തിൽ പ്രതികരിച്ച് പൃഥ്വിരാജ്

Monday 19 December 2022 3:57 PM IST

ഷാരൂഖ്, ദീപിക പദുക്കോൺ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത 'പഠാൻ' എന്ന ചിത്രത്തെ ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി പൃഥ്വിരാജ്. ഒരു കലാരൂപത്തെ ഇത്തരത്തിൽ നിരീക്ഷണങ്ങൾക്കും വീക്ഷണങ്ങൾക്കും ഇരയാക്കുന്നതിൽ ദുഃഖമുണ്ടെന്നാണ് പൃഥ്വി പറഞ്ഞത്. കാപ്പ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിനിടെ ആയിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.

ഷാരൂഖ് ഖാൻ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ചിത്രമായതിനാൽ തന്നെ പ്രഖ്യാപന സമയം മുതൽ തന്നെ 'പഠാൻ' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ഏതാനും ദിവസങ്ങൾക്ക് മുമ്പ‍ാണ് ബെഷ്റം രം​ഗ് എന്ന ​ഗാനം പുറത്തിറങ്ങിയത്. ഇതിൽ ദീപിക കാവി നിറത്തിലുള്ള ഒരു ബിക്കിനി ധരിച്ചിരുന്നു. ഇത് ഒരു വിഭാ​ഗത്തെ ചൊടിപ്പിക്കുകയും സിനിമ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി രം​ഗത്തെത്തുകയും ആയിരുന്നു. പിന്നാലെ മുംബയ് പൊലീസ് ചിത്രത്തിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു.