വില കൂടിയപ്പോൾ വിൽക്കാൻ തേനില്ല.

Wednesday 21 December 2022 12:00 AM IST

കോട്ടയം. തേനിന് വില വർദ്ധിച്ചെങ്കിലും അതിന്റെ പ്രയോജനം ലഭിക്കാതെ കർഷകർ. വൻതേനിന് വിപണിയിൽ കിലോയ്ക്ക് 300 രൂപ വിലയുണ്ട്. ചെറുതേനിനാകട്ടെ 3000 രൂപ വരെയും. മുൻപ് വൻതേനിന് 150 രൂപയായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ വിളവെടുപ്പ് കാലമല്ലാത്ത സമയത്ത് വർദ്ധിച്ച വിലയുടെ ഗുണം കർഷകന് ലഭിക്കാതെ പോകുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് വിളവെടുപ്പ് . അതിനാൽ പഴയ സ്റ്റോക്കുള്ള കർഷകർക്ക് മാത്രമാണ് വർദ്ധിച്ച വിലയുടെ പ്രയോജനം ലഭിക്കൂ. പ്രതികൂല കാലാവസ്ഥയും തൊഴിലാളി ക്ഷാമവും മേഖലയ്ക്ക് വെല്ലുവിളിയുയർത്തുന്നു. ഇപ്പോൾ പൂക്കൾ ഉണ്ടാകുന്ന സമയമാണ്. എന്നാൽ, ഈ ഘട്ടത്തിൽ മഴപെയ്യുന്നത് തേൻ ഉത്പാദനത്തെ ബാധിക്കും. കൂടാതെ മേഖലയിൽ പുതിയ തൊഴിലാളികൾ കടന്നുവരാത്തതും പ്രതിസന്ധിയാണ്. പരിശീലനം ലഭിച്ച തൊഴിലാളികളുടെ അഭാവമാണ് പ്രധാന പ്രശ്‌നം. തൊഴിലാളികളെ നിറുത്തിയാൽ തന്നെ 1500 രൂപയോളം ദിവസവും ചെലവ് വരും. സർക്കാർ തലത്തിൽ പരിശീലനം നൽകുന്നുണ്ടെങ്കിലും അധികം പേർ കടന്നുവരാത്ത മേഖലയാണിത്. തേൻപെട്ടിയുടെ നിർമാണ ചെലവും വർദ്ധിച്ചു. ജില്ലയിൽ മീനച്ചിൽ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി എന്നീ താലൂക്കുകളിലാണ് തേനീച്ച വളർത്തൽ കൂടുതലായുള്ളത്. റബർ തോട്ടങ്ങളിലാണ് കൂടുതലും തേൻകൃഷി.

ചെറുതേൻ: 3000.

വൻതേൻ 300.

തേനീച്ച കർഷകനായ ജോയ്‌സ് പറയുന്നു.

തേനിന്റെ സീസൺ ആരംഭിക്കുമ്പോൾ വില 300 രൂപയിൽ തുടർന്നെങ്കിൽ മാത്രമേ കർഷകന് അതിന്റെ ഗുണം ലഭിക്കുകയുള്ളൂ