'ആത്മാഭിമാനമുള്ള ഇന്ത്യക്കാരന് നീരസത്തോടെയോ ഇത് വായിക്കാനാവൂ' കേരളത്തിന് പ്രത്യേക നന്ദി പറഞ്ഞതിന് അർജന്റീനയെ വിമർശിച്ച് യുപിയിലെ പൊലീസ് ഉദ്യോഗസ്ഥ

Tuesday 20 December 2022 5:39 PM IST

ലക്നൗ: ഖത്തർ ലോകകപ്പിൽ കിരീടം നേടിയതിനു പിന്നാലെ അർജന്റീന ഫുട്ബാൾ അസോസിയേഷന്റെ പങ്കുവച്ച ട്വിറ്ററിനെതിരെ വിമർശനവുമായി ഉത്തർപ്രദേശ് ഐ പി എസ് ഉദ്യോഗസ്ഥ. ഇന്ത്യയ്ക്കും ബംഗ്ലദേശിനും പാകിസ്ഥാനും നന്ദി പറഞ്ഞ കൂട്ടത്തിൽ കേരളത്തെ പ്രത്യേകം പരമാർശിച്ചതിനെതിരെയാണ് ഡി എസ് പി അഞ്ജലി കട്ടാരിയ രംഗത്തെത്തിയത്.

കേരളം ഒരു പ്രത്യേക സ്ഥലമല്ലെന്നും ഇന്ത്യയുടെ ഭാഗമാണെന്നുമാണ് അഞ്ജലി കട്ടാരിയയുടെ നിലപാട്. എന്നാൽ ഈ ട്വിറ്റർ അക്കൗണ്ട് ഔദ്യോഗികമാണോയെന്ന് വ്യക്തമല്ല.

' അർജന്റീനയിലെ ഒരു ഔദ്യോഗിക കായിക സംഘടനയിൽ നിന്നുള്ള ഈ ട്വിറ്റ് തീർത്തും അശ്രദ്ധയോടെയായിപ്പോയി എന്നു പറയാതെ വയ്യ. ബ്രീട്ടിഷ് ഭരണത്തിൽ നിന്ന് പുറത്തുവന്ന മൂന്നു രാജ്യങ്ങൾക്കൊപ്പം കേരളത്തെ ഒരു പ്രത്യേക സ്ഥലമായി പരിഗണിക്കുന്നത്, അൽപം അസ്വാരസ്യത്തോടെ മാത്രമേ ആത്മാഭിമാനമുള്ള ഏതൊരു ഇന്ത്യക്കാരനും വായിക്കാനാകൂ.' എന്നതായിരുന്നു അഞ്ജലി കട്ടാരിയ എന്ന പേരിൽ വന്ന ട്വിറ്റർ കുറിപ്പ്.