മുഖ്യമന്ത്രിയുടെ യോഗത്തിലെ തീരുമാനങ്ങൾ 'മല പെറ്റ എലി പോലെ'; ബഫർ സോൺ വിഷയത്തിൽ കർഷകരുടെ താത്പര്യം സംരക്ഷിക്കുമെന്ന് രമേശ് ചെന്നിത്തല

Tuesday 20 December 2022 7:11 PM IST

കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധ സമരം ഏകോപിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. മലയോര മേഖലയിലെ കർഷകരുടെ ആശങ്കകൾക്ക് പരിഹാരം കാണാനായി കോഴിക്കോട് കൂരാച്ചുണ്ടിൽ നടക്കുന്ന സമരപ്രഖ്യാപന കൺവെൻഷൻ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. എന്ത് വില കൊടുത്തും കർഷകരുടെ താത്പര്യം കോൺഗ്രസ് സംരക്ഷിക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് സമരവേദിയിൽ പ്രഖ്യാപനം നടത്തി.

കെ-റെയിൽ പദ്ധതിയിലേത് പോലെ ബഫർ സോണിലും സർക്കാരിന് തിരിച്ചടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിനെതിരെയും രമേശ് ചെന്നിത്തല വിമർശനമുന്നയിച്ചു. ''കെ റെയിൽ പെട്ടിയിൽ വെച്ചത് പോലെ ബഫർ സോണും പെട്ടിയിൽ വെപ്പിക്കും. കെ റെയിലിൽ ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്നാണ് പിണറായി പറഞ്ഞത്. അവസാനം ഒരിഞ്ചല്ല ഒരു കിലോമീറ്റർ പിന്നോട്ട് പോകേണ്ടി വന്നു. ഇത് തന്നെയാണ് ബഫർ സോണിലും സംഭവിക്കുക''. അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ ഏരിയൽ സർവേ കൊണ്ട് ഗുണമില്ലെന്നും ഇന്നത്തെ യോഗത്തിലെ തീരുമാനങ്ങൾ മല എലിയെ പ്രസവിച്ച പോലെയാണെന്നും രമേശ് ചെന്നിത്തല ആക്ഷേപമുന്നയിച്ചു. ഫീൽഡ് സർവേ പഞ്ചായത്തുകളുടെ കൂടെ പങ്കാളിത്തത്തോടെയാണ് നടപ്പിലാക്കേണ്ടതെന്നും ഉപഗ്രഹ സർവേ പൂർണമായും സർക്കാർ തള്ളിക്കളയണമെന്നും കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു.

Advertisement
Advertisement