സന്തോഷ് ശിവന്റെ മോഹ റോട്ടർഡാം ചലച്ചിത്രമേളയിൽ

Wednesday 21 December 2022 12:33 AM IST

ലീഡ്- മലയാളത്തിൽനിന്ന് 1744 വൈറ്റ് ആൾട്ടോ,​ ഫാമിലി

സന്തോഷ് ശിവൻ സംവിധാനം ചെയ്ത മോഹ റോട്ടർഡാം രാജ്യന്തര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബോളിവുഡ് നടൻ ജാവേദ് ജഫ്രിയും ഷേലി ക്രിഷെനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖം ഷേലി ക്രിഷൻ ആണ് നായിക. ഒരു ഇന്തോ -അമേരിക്കൻ ചിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്ന അഭയാർത്ഥി കൂടിയായ ആദ്യ നായികയാണ് ശ്രീനഗർ സ്വദേശിയായ ഷേലി. അജിൽ എസ്.എം, സന്തോഷ് ശിവൻ എന്നിവർ ചേർന്നാണ് കഥ. ഹിമാൻഷു സിംഗാണ് സംഭാഷണം. ചിത്രത്തിന്റെ നിർമ്മാണവും ഛായാഗ്രഹണവും സന്തോഷ് ശിവനാണ് . എഡിറ്റിംഗ്-ലോറൻസ് കിഷോ‌ർ. അസോസിയേറ്റ് ഡയറക്ട‌ർ - സുബിൽ സുരേന്ദ്രൻ. സെക്കൻഡ് യൂണിറ്റ് ഡയറക്ടർ- സാഹിൽ സാപിൾ. ജനുവരി 25 മുതൽ ഫെബ്രുവരി 5 വരെയാണ് നെതർലൻഡ്സിലെ റോട്ടർഡാമിൽ ചലച്ചിത്രോത്സം അരങ്ങേറുക. മനോജ് ബാജ്പേയ് അഭിനയിച്ച ജോറം , കഥാകൃത്ത് വരുൺ ഗോവർ ആദ്യമായി സംവിധാനം ചെയ്യുന്ന ഓൾ ഇന്ത്യ റാങ്ക് തുടങ്ങിയ ചിത്രങ്ങളും മേളയിൽ ഇടംപിടിച്ചിട്ടുണ്ട്. സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത 1744 വൈറ്റ് ആൾട്ടോ, ഡോൺ പാലത്തറ സംവിധാനം ചെയ്ത ഫാമിലി എന്നീ മലയാള ചിത്രങ്ങളും മോഹയ്ക്ക് ഒപ്പം മേളയിലെ ഹാർബർ സെഗ് മെന്റിൽ പ്രദർശിപ്പിക്കും.