കണ്ണൂർ സർവ്വകലാശാലയ്ക്ക് 248.51കോടിയുടെ ബഡ്ജറ്റ് ഗവേഷണത്തിലും ലിംഗസമത്വത്തിനും ഊന്നൽ

Tuesday 20 December 2022 7:46 PM IST

കണ്ണൂർ:ഗവേഷണ ഫെലോഷിപ്പിനായി 1.5 കോടി രൂപ വകയിരുത്തിക്കൊണ്ട് കണ്ണൂർ സർവ്വകലാശാല ബഡ്ജറ്റ്.സർവ്വകലാശാല സിന്റിക്കേറ്റ് അംഗം എൻ.സുകന്യയാണ് ഗവേഷണ സ്കോളർഷിപ്പിനും ഗവേഷണ ഫെല്ലോഷിപ്പുകൾക്കും ഊന്നൽ നൽകി കൊണ്ടുള്ള ബഡ്ജറ്റ് അവതരിപ്പിച്ചത്.

2023-24 വർഷത്തിൽ മുൻ വർഷത്തെ ബാക്കി ഉൾപ്പെടെ 248.51 കോടി രൂപ വരവും 241.45 കോടി രൂപ ചെലവും വർഷാവസാനം 7.07 കോടി രൂപ നീക്കിയിരുപ്പുമാണ് പ്രതീക്ഷിച്ചിരിക്കുന്നത്

പെൺകുട്ടികളുടെ ആയോധന പരിശീലനത്തിനും ലിംഗ സമത്വത്തിനും ബഡ്ജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ഗവേഷണ സ്‌കോളർഷിപ്പിനായി 75 ലക്ഷം രൂപയും ഗവേഷണ ഫെല്ലോഷിപ്പുകൾക്കും ഗവേഷണ വികസനത്തിനും പബ്ലിക്കേഷൻ, ഫാക്കൽ​റ്റി ആന്റ് സ്​റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രോം എന്നിവയ്ക്ക് മുൻ വർഷത്തേക്കാൾ കൂടുതൽ തുകയും വകയിരുത്തിയിട്ടുണ്ട്.പി.എച്ച്.ഡി കോഴ്‌സിനുള്ള സീനിയർ റിസേർച്ച് ഫെലോഷിപ്പിനായി 40 ലക്ഷം രൂപയും പോസ്​റ്റ് ഡോക്ടറൽ ഫെലോഷിപ്പിനായി 25 ലക്ഷം രൂപയും ബജ​റ്റിൽ നീക്കിവെച്ചിട്ടുണ്ട്.അദ്ധ്യാപകരുടെ ഗവേഷണ ജേർണലുകൾ പ്രസിദ്ധീകരിക്കുന്നതിന് 15 ലക്ഷം രൂപ വകയിരുത്തി.വിവിധ പദ്ധതികൾക്കായി റൂസയിൽ നിന്നും 2023-24 സാമ്പത്തിക വർഷം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന 1000 ലക്ഷം രൂപയിൽ നിന്ന് 300 ലക്ഷം രൂപ പർച്ചേസിനും 350 ലക്ഷം രൂപ നിർമാണ പ്രവർത്തനങ്ങൾക്കും 350 ലക്ഷം രൂപ നവീകരണ പ്രവർത്തനങ്ങൾക്കുമായി നീക്കിവെച്ചിട്ടുണ്ട്.

പെൺകുട്ടികൾക്ക് ആയോധന പരിശീലനം

ലിംഗ സമത്വത്തിന് പ്രത്യേക ഊന്നൽ നൽകികൊണ്ടുള്ള ബ‌ഡ്ജറ്റ് കൂടിയായിരുന്നു ഈ വർഷത്തേത്.ജെന്റർ സപ്പോർട്ട് പരിപാടികൾക്കായും ആരോഗ്യ കേന്ദ്രങ്ങളുടെ ഉന്നതിക്കായും 50 ലക്ഷം രൂപ നീക്കിവച്ചു. ലിംഗസമത്വം ലക്ഷ്യമിട്ട് പെൺകുട്ടികൾക്ക് ആയോധന കലകൾ, സാഹസിക പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പരിശീലനം നൽകുന്നതിനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് 10 ലക്ഷം രൂപയും നീക്കിവെച്ചു.

ഒറ്റനോട്ടത്തിൽ

വരവ് 248.51 കോടി

ചിലവ് 241.45 കോടി

നീക്കിയിരിപ്പ് 7.07 കോടി

ഗവേഷണ ഫെല്ലോഷിപ്പിന് 1.5 കോടി , പെൺകുട്ടികൾക്ക് ആയോധന പരിശീലനം

ഗവേഷണ സ്‌കോളർഷിപ്പിനായി 75 ലക്ഷം

പി.എച്ച്.ഡിസീനിയർ റിസേർച്ച് ഫെലോഷിപ്പിന് 40 ലക്ഷം

പോസ്​റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് 25 ലക്ഷം

സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും വിദ്യാർത്ഥികളോട് പ്രതിബന്ധത കാണിക്കേണ്ടതുണ്ട്.സർക്കാരിൽ നിന്നും ഫണ്ട് നേടിയെടുക്കണം.സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിൽ പോലും വിദ്യാർത്ഥികളെ പരിഗണിക്കുന്ന ഒരു സർക്കാർ കൂടിയാണിത്.

എൻ.സുകന്യ,സർവ്വകലാശാല സിന്റിക്കേറ്റ് അംഗം

സർവകലാശാല സിൻഡിക്കേറ്റ് അവതരിപ്പിച്ച ബഡ്ജറ്റ് വിശാലമായ കാഴ്ചപ്പാട് ഇല്ലാത്തതാണ്. യാതൊരു പുതുമയും ഇല്ലാത്ത പൊള്ളയായ റിപ്പോർട്ടാണിത് -സെന​റ്റ് അംഗം ഡോ. ആർ.കെ. ബിജു