ശശിയുടേയും സജിയുടേയും പൊന്നുവിളഞ്ഞ മണ്ണ്; ഇത് കേളകത്തിന്റെ മാതൃകാ ജൈവകൃഷിതോട്ടം

Tuesday 20 December 2022 8:14 PM IST

കേളകം: കേളകം പഞ്ചായത്തിലെ മാതൃകാ പച്ചക്കറിത്തോട്ടം എന്ന ബഹുമതിയുടെ ത്രില്ലിലാണ് ജൈവകർഷകരായ ശശി പുത്തൻപുരയിലും സജി തണ്ടപ്പുറവും. പാട്ടത്തിനെടുത്ത ഒന്നരയേക്കറിൽ കൃഷിവകുപ്പിന്റെ നിർദ്ദേശാനുസരണമുള്ള ശാസ്ത്രീയ പരിപാലനമാണ് ഇവരെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്.

ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുത് 20 മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള ഏരി മാടി അതിൽ പച്ചക്കറി കൃഷിക്കായി ഉപയോഗിക്കുന്ന മൾട്ടി ഷീറ്റ് കൊണ്ട് മൂടി നിലമൊരുക്കിയത് 40 ദിവസം മുമ്പാണ്.ഇത്തരത്തിലുള്ള അറുപതിലേറെ ഏരികളിലായി പയർ, വെണ്ട, തക്കാളി,പച്ച മുളക് എന്നിവ നട്ടു. ഷീറ്റിന് മുകളിലായി വിത്ത് പാകാനുള്ള ചെറുസുഷിരങ്ങൾ തമ്മിലുള്ള അകലം 45 സെന്റീമീറ്ററാണ്. ഷീറ്റിനടിയിൽ ഉറപ്പിച്ചിരിക്കുന്ന പൈപ്പിലൂടെ ആവശ്യത്തിന് മാത്രം വെള്ളവും വളവും ഒരേ സമയം തൈകളുടെ ചുവട്ടിലെത്തും. വളരെ കുറച്ച് വെള്ളം മതി, ബാഷ്പീകരണം കുറയും, പ്ലാസ്റ്റിക് ആവരണമുള്ളതിനാൽ കളശല്യം ഒട്ടുമില്ല.ചെടിക്ക് ആവശ്യമായ മൂലകങ്ങളും ലഭ്യമാകും. അതുകൊണ്ടുതന്നെ കീടബാധയും വളരെ കുറവാണ്. ചിലവ് കുറയുന്നതോടൊപ്പം വിളവ് ഗണ്യമായി കൂടുന്നു എന്നതാണ് മേന്മ.
70000 രൂപയോളം ആദ്യം ചെലവായെങ്കിലും ഇതുപയോഗിച്ച് തുടർച്ചയായി മൂന്ന് തവണ കൃഷി ചെയ്യാവുന്നതുകൊണ്ട് കൃഷി ലാഭകരമാകുമെന്നതിന് സംശയമില്ല. കൃഷി വകുപ്പിന്റെ സഹായവും ലഭിച്ചിട്ടുണ്ട്.

അറുപതിലധികം വരുന്ന ഏരികളിലായി 800 ചുവട് വെണ്ട,760 പയർ,350 ചുവട് പച്ചമുളക്, തക്കാളി എന്നിവ നട്ടു.ഏരികൾ തമ്മിലുള്ള അകലം ഒരു മീറ്ററാണ് ഇവിടെ ചീരയും നട്ടിട്ടുണ്ട്. വിത്ത് പാകി 25 ദിവസം കഴിഞ്ഞതോടെ ചീര വിളവെടുപ്പായി.ഇരുപത് കിലോയോളം ദിവസവും വിപണിയിലെത്തിക്കുന്നുണ്ട്. അൻപതു രൂപ വിലയും കിട്ടും. നാലു മാസം മുമ്പ് നട്ട 260 നേന്ത്രവാഴയുടെ ഇടവിളയായി കൃഷി ചെയ്ത കുറ്റിപ്പയറും കിലോയ്ക്ക് 80 രൂപ നിരക്കിൽ വിറ്റുപോകുന്നുണ്ട്. 350 ചുവട് മരച്ചീനിയും കൃഷി ചെയ്തിട്ടുണ്ട്.

കൃഷി ഓഫീസർ കെ.ജി.സുനിലും അമ്പായത്തോടിലെ ജൈവകർഷകൻ ആലനാൽ ഷാജിയും വേണ്ട സഹായവുമായി ഒപ്പമുണ്ടായിരുന്നു.12 കൂട്ടം പച്ചിലകളും ഗോമൂത്രവും കൊണ്ട് തയ്യാറാക്കിയ വളവും, മത്തിക്കഷായവും, ആര്യവേപ്പിലയും വെളുത്തുള്ളിയും ഉപയോഗിച്ചുള്ള കീടനാശിനിയും മുട്ടയും ചെറുനാരങ്ങയും 45 ദിവസം പ്രത്യേകമായി പാകപ്പെടുത്തിയെടുത്തതുമെല്ലാം കൃത്യമായ ഇടവേളകളിൽ പ്രയോഗിക്കുന്നതിനാൽ മികച്ച വിളവ് ലഭിക്കുന്നതായി ശശി പുത്തൻപുരയിൽ പറഞ്ഞു.

Advertisement
Advertisement