കാലിഗ്രഫി ഫെസ്റ്റിൽ തിളങ്ങി രൂപയ്ക്ക് ചിഹ്നം നൽകിയ ഉദയകുമാ‌ർ

Wednesday 21 December 2022 3:38 AM IST

തിരുവനന്തപുരം: കൈയെഴുത്തിലെ കാണാപ്പുറങ്ങൾ തേടി ഫൈൻ ആർട്സ് കോളേജിലെ നാഷണൽ കലിഗ്രഫി ഫെസ്റ്റിവലായ 'കചടതപ'യിൽ എത്തുമ്പോൾ താരമാകുന്നത് ഇന്ത്യൻ രൂപയുടെ നോട്ടിൽ രൂപയ്ക്ക് ചിഹ്നം നൽകിയ ഡോ.ഡി.ഉദയകുമാറാണ്. താൻ തയ്യാറാക്കിയ ചിഹ്നം എല്ലാവരും എല്ലാദിവസവും കാണുമ്പോഴും അംഗീകരിക്കപ്പെടുമ്പോഴും വാക്കുകൾക്കതീതമായ സന്തോഷമാണ് ഈ തമിഴ്നാട്ടുകാരന്. ഗുവാഹത്തി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ഡിസൈൻ വിഭാഗം മേധാവിയും പ്രൊഫസറുമായ ഉദയകുമാർ തയ്യാറാക്കിയ ചിഹ്നം 2010ലാണ് സർക്കാർ ജനങ്ങളിലേക്ക് എത്തിച്ചത്.സർക്കാർ 2009ൽ നടത്തിയ മത്സരത്തിൽ നിന്നാണ് ചിഹ്നം തിരഞ്ഞെടുത്തത്. കലിഗ്രഫിയിൽ താത്പര്യമുണ്ടെങ്കിലും ഫെസ്റ്രിവലിൽ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം സംഘടിപ്പിക്കാനാണ് ഉദയകുമാറെത്തിയത്.

കൈയടി നേടുന്ന കൈയെഴുത്ത് കലിഗ്രഫി ഫെസ്റ്റിവലിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ കൈയക്ഷര കുലപതിയായ നാരായണ ഭട്ടതിരിയുടെ കലിഗ്രഫി പ്രദർശനവും ക്ലാസും മുഖ്യ ആകർഷണമാണ്.ഡിസംബർ 19 മുതൽ 21 വരെയാണ് മേള നടക്കുന്നത്. മുകേഷ് കുമാർ,സുരേഷ് കെ.നായർ,ഖമർ ദാഗ‌ർ, അച്യുത് പല്ലവ്വ്,പ്രൊഫ.ജി.വി.ശ്രീകുമാ‌ർ,അശോക് പരബ്, സാരംഗ് കുൽകർണി തുടങ്ങിയ കലാകാരന്മാർ ഫെസ്റ്റിവലിന്റെ ഭാഗമായി. 2019ൽ നടത്തിയ 'കചടതപ'യുടെ രണ്ടാം പതിപ്പാണിത്. ചിത്രകലയെയും കൈയക്ഷരത്തെയും സംയോജിപ്പിക്കുന്ന രീതിയാണ് ഡൽഹിയിൽ നിന്നെത്തിയ ഖമർ ദഗ‌ർ തന്റെ കലയെ അവതരിപ്പിക്കുന്നത്.കലിഗ്രഫിക്ക് രാജ്യത്തിൽ വലിയ സ്വീകാര്യത ലഭിക്കാത്തതിലും ഖമറിന് വിഷമമുണ്ട്. മേള ഇന്ന് സമാപിക്കും.