പൂജാരിയെ മർദ്ദിച്ച പ്രതികൾ കീഴടങ്ങി

Wednesday 21 December 2022 1:11 AM IST

കാട്ടാക്കട: പേഴുംമൂട് ധർമ്മ ശാസ്താ ക്ഷേത്രത്തിൽ പൂജാരിയെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.പൂവച്ചൽ പേഴുംമൂട് ലക്ഷം വീട് കോളനിയിൽ സഹോദരങ്ങളായ ശരത് (27), ശ്യാം(25), ഇവരുടെ സുഹൃത്ത് ലക്ഷം വീട് കോളനിയിൽ അസറുദീൻ (28)എന്നിവരാണ് ഇന്നലെ കീഴടങ്ങിയത്. കഴിഞ്ഞ ദിവസം പേഴുംമൂട് ധർമ്മ ശാസ്താ ക്ഷേത്രം തുറക്കാനെത്തിയ പൂജാരി പദ്മനാഭനെയാണ് പ്രതികൾ സംഘം ചേർന്ന് മർദ്ദിച്ചത്. ശരത്തിന്റെയും ശ്യാമിന്റെയും പിതാവ് ജയചന്ദ്രനെ പൂജാരി വീട്ടിലെ തടിപ്പണികൾ ചെയ്യുന്നതിനായി ഏർപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക വിഷയത്തെ ചൊല്ലി പൂജാരി ജയചന്ദ്രന്റെ പണി ആയുധങ്ങൾ കൊണ്ട് പോകുന്നത് വിലക്കിയിരുന്നു. തുടർന്നുണ്ടായ തർക്കത്തിൽ പോറ്റി ജയചന്ദ്രനെ മർദ്ദിക്കുകയും മൊബൈലിൽ പകർത്തിയ രംഗങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. അച്ഛനെ മർദ്ദിച്ചത് ചോദ്യം ചെയ്യുന്നതിനാണ് ജയചന്ദ്രന്റെ മക്കളായ ശരത്തും ശ്യാമും പുലർച്ചെ ക്ഷേത്രത്തിലെത്തിയത്.പൂജാരിയെ കാത്ത് നിന്ന ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് കാട്ടാക്കട പൊലീസ് പറഞ്ഞു.പ്രതികളെ കോടതിയിൽ ഹാജരാക്കും.