കള്ളനോട്ട് കേസ് : ഒരാൾ കൂടി പിടിയിൽ

Wednesday 21 December 2022 12:46 AM IST
കള്ളനോട്ട് കേസ് ആറാമനും പിടിയിൽ

ചാരുംമൂട് : ചാരുംമൂട്ടിലെ കള്ളനോട്ട് കേസിൽ ഒരാൾ കൂടി പിടിയിലായി. ഇടുക്കി ഉപ്പുതോട് പുലിക്കയത്ത് ദീപു ബാബു (23) വിനെയാണ് നൂറനാട് സി.ഐ പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. നിരവധി അടിപിടി,കവർച്ച കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം തൈക്കാട് ഫലഹ് നാസ വീട്ടിൽ നിന്നു നേമം കാരയ്ക്കാമണ്ഡപം സാഹിത് വീട്ടിൽ താമസിക്കുന്ന സീരി​യൽ നടൻ ഷംനാദ് (ശ്യാം ആറ്റി​ങ്ങൽ- 40), കൊട്ടാരക്കര വാളകം പാണക്കാട് ശ്യാം ശശി (29), ചുനക്കര കോമല്ലൂർ വേളൂർ വീട്ടിൽ രഞ്ജിത്ത് (49), കല്ലട സ്വദേശിയും പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കൊല്ലം ഈസ്റ്റ് കല്ലട ഷാജി ഭവനത്തി​ൽ ക്ലീറ്റസ് (45), താമരക്കുളം പേരൂർ കാരായ്മ അക്ഷയ നിവാസിൽ ലേഖ (48) എന്നി​വർ നേരത്തേ കേസിൽ പിടിയിലായിരുന്നു. ഇവർ റിമാൻഡിലാണ്.

മുഖ്യപ്രതിയായ ഷംനാദ് ഇടുക്കി ജില്ലയിൽ കള്ളനോട്ട് വിതരണം ചെയ്തിരുന്നത് ദീപു ബാബു മുഖേനയായിരുന്നു. 2 ലക്ഷം രൂപയോളം കട്ടപ്പന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വച്ച് കഴിഞ്ഞ മാസം ദീപുവിന് ഷംനാദ് കൈമാറിയിരുന്നു. കാരേറ്റ് ഭാഗത്തുള്ള പച്ചക്കറി കടയിൽ വച്ചാണ് ഇവർ തമ്മിൽ പരിചയത്തിലാക്കിയത്. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ദീപു ബാബുവിനെ റിമാൻഡ് ചെയ്തു.

പിടിയിലായ ആറു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തുമെന്ന് പൊലീസ് പറഞ്ഞു. ചാരുംമൂട്ടിലെ സൂപ്പർമാർക്കറ്റിൽ സാധനം വാങ്ങാനെത്തി​യ ലേഖയുടെ കൈയി​ൽ നിന്നു ലഭിച്ച 500ന്റെ നോട്ടിൽ സംശയം തോന്നിയ ജീവനക്കാർ നൂറനാട് പൊലീസിൽ അറിയിച്ചതിനെത്തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.