സുരക്ഷാ ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ ഭീകരരെ വധിച്ചു

Wednesday 21 December 2022 5:05 AM IST

കറാച്ചി: പാകിസ്ഥാനിൽ സുരക്ഷാ ജീവനക്കാരെ ബന്ദികളാക്കിയ പാകിസ്ഥാനി താലിബാനിലേത് (തെഹ്‌രീക് - ഇ - താലിബാൻ പാകിസ്ഥാൻ - ടി.ടി.പി) അടക്കം 33​ ഭീകരരെ സൈന്യം വധിച്ചു. ഞായറാഴ്ചയാണ് ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ഭീകരവാദ വിരുദ്ധ ഡിപ്പാർട്ട്മെന്റ് ഓഫീസ് ഭീകരർ പിടിച്ചെടുത്തത്. തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരെ ബന്ദികളാക്കിയത്.

ഏറ്റുമുട്ടലിൽ രണ്ട് കമാൻഡോകളും കൊല്ലപ്പെട്ടു. ഇന്നലെ ആർമിയുടെ സ്‌പെഷ്യൽ സർവീസ് ഗ്രൂപ്പ് (എസ്.എസ്.ജി)​ നടത്തിയ ആക്രമണത്തിൽ എല്ലാ ഭീകരരെയും വധിച്ചെന്നും ബന്ദികളാക്കപ്പെട്ടവരെ പരിക്കുകളോടെ രക്ഷപെടുത്തിയെന്നും പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് അറിയിച്ചു. ഇന്നലെ പ്രാദേശിക സമയം ഉച്ചയ്‌ക്ക് 12.30ന് ആരംഭിച്ച ഓപ്പറേഷൻ 2.30ന് പൂർണമായെന്നും മന്ത്രി പറഞ്ഞു.

ഓഫീസിൽ വിവിധ ഗ്രൂപ്പുകളിൽപ്പെട്ട 33 ഭീകരരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഇതിൽ ഒരു ഭീകരൻ ശുചിമുറിയിൽ പോകുന്നതിനിടെ സുരക്ഷാ ജീവനക്കാരന്റെ തലയ്ക്ക് ഇഷ്ടിക കൊണ്ട് അടിച്ച് ആയുധം തട്ടിയെടുത്തു. തുടർന്ന് സെല്ലിലുണ്ടായിരുന്ന മറ്റ് ഭീകരരെ മോചിപ്പിക്കുകയും ഒരു ഡസനോളം സുരക്ഷാ ജീവനക്കാരെ ബന്ദികളാക്കുകയുമായിരുന്നു. ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കാൻ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ബന്ദികളെ വിട്ടയക്കണമെങ്കിൽ അഫ്ഗാനിലേക്ക് സുരക്ഷിത യാത്ര ഒരുക്കണമെന്നായിരുന്നു തീവ്രവാദികളുടെ ആവശ്യം.

Advertisement
Advertisement