അച്ഛനൊപ്പം ക്ഷേത്രത്തിൽ പോയ 18കാരിയെ ബലം പ്രയോഗിച്ച് നാലംഗ സംഘം തട്ടിക്കൊണ്ടുപോയി; പിന്നീട് പുറത്തുവന്നത് വിവാഹിതയായെന്നുള്ള വീഡിയോ

Wednesday 21 December 2022 10:49 AM IST

ഹൈദരാബാദ്: പുലർച്ചെ അച്ഛനൊപ്പം ക്ഷേത്രത്തിലേയ്ക്ക് നടന്നുപോയ പെൺകുട്ടിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. തെലങ്കാനയിലെ രാജണ്ണ സിർസിലെ മൂടപ്പള്ളിയിലാണ് സംഭവം. ശാലിനി (18) എന്ന പെൺകുട്ടിയെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചെങ്കിലും പിന്നീട് നടന്നത് നാടകീയമായ സംഭവങ്ങളായിരുന്നു. തന്നെ തട്ടിക്കൊണ്ട് പോയതല്ലെന്നും വിവാഹം കഴിഞ്ഞതായും പെൺകുട്ടി വെളിപ്പെടുത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നു.

അച്ഛനും മകളും ക്ഷേത്രത്തിലേയ്ക്ക് നടക്കുന്നതിനിടെ എതിർ ദിശയിൽ വന്ന കാറിൽ നിന്നും മുഖംമൂടി ധരിച്ച രണ്ടുപേർ ചാടിയിറങ്ങി. ശേഷം അച്ഛനെ തള്ളിമാറ്റി ശാലിനിയെ ബലംപ്രയോഗിച്ച് കാറിൽ കയറ്റുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. ജില്ലാ അതിർത്തി അടച്ചും വ്യാപക തെരച്ചിൽ നടത്തി. തട്ടിക്കൊണ്ടുപോയവരിൽ ഒരാൾ പെൺകുട്ടിയുടെ സുഹൃത്തായ ജോണി (24) ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. മറ്റൊരാൾ പെൺകുട്ടിയുടെ നാട്ടുകാരനാണെന്നും മനസിലായി.

ശാലിനിയെ കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇതേ സുഹൃത്ത് തട്ടിക്കൊണ്ടുപോയിരുന്നതായി പൊലീസ് പറഞ്ഞു. അന്ന് പെൺകുട്ടിക്ക് പ്രായപൂർത്തി ആകാതിരുന്നതിനാൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇപ്പോൾ പെൺകുട്ടിയുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞാണ് ഇയാൾ വീണ്ടും തട്ടിക്കൊണ്ടുപോയതെന്നും പൊലീസ് പറഞ്ഞു. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ശാലിനിയും ജോണിയും വീഡിയോ പുറത്തുവിട്ടത്.

തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും ആഗ്രഹിച്ചതുപോലെ കാമുകനായ ജോണിയുമായി വിവാഹം നടന്നുവെന്നുമാണ് ശാലിനി വീഡിയോയിൽ പറയുന്നത്. 'നാല് വർഷമായി ഞങ്ങൾ പ്രണയത്തിലാണ്. എന്റെ സമ്മതത്തോടെ കൂട്ടിക്കൊണ്ടുപോകാനാണ് ജോണി രാവിലെ ക്ഷേത്രത്തിലെത്തിയത്. എന്നാൽ മാസ്ക് ധരിച്ചിരുന്നതിനാൽ ആദ്യം ജോണിയെ തിരിച്ചറിയാനായില്ല. ഇതിനാലാണ് ബലം പ്രയോഗിച്ച് കാറിൽ കയറ്റിയത്. പിന്നീടാണ് ജോണിയെ തിരിച്ചറിഞ്ഞത്. ഇപ്പോൾ ഞങ്ങളുടെ വിവാഹവും കഴിഞ്ഞു.'- ശാലിനി പറഞ്ഞു.