പഠാൻ വിവാദം; ഷാരൂഖ് ഖാനെ ജീവനോടെ ചുട്ടെരിക്കുമെന്ന് പരമഹൻസ്  ആചാര്യ, വീഡിയോ

Wednesday 21 December 2022 4:40 PM IST

മുംബയ്: ഷാരൂഖ്, ദീപിക പദുക്കോൺ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത 'പഠാൻ' എന്ന ചിത്രത്തെ ചൊല്ലിയുള്ള വിവാദങ്ങൾ തുടരുകയാണ്. ചിത്രത്തിലെ പാട്ട് റീലിസായതിന് പിന്നാലെ നായിക ധരിച്ച വസ്‌ത്രത്തിനെ ചൊല്ലിയായിരുന്നു ബഹിഷ്കരണാഹ്വാനം തുടങ്ങിയത്.

ഇപ്പോഴിതാ ഷാരൂഖ് ഖാനെ കണ്ടാൽ ജീവനോടെ കാത്തിക്കുമെന്ന ഭീഷണിയുമായി എത്തിയിരിക്കുകയാണ് അയോധ്യയിലെ പരമഹൻസ് ആചാര്യ എന്ന സന്യാസി. ഇയാൾ ഭീഷണി മുഴക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

'ഇന്ന് ഞങ്ങൾ ഷാരൂഖ് ഖാന്റെ പോസ്റ്ററുകൾ കത്തിച്ചു. പഠാൻ എന്ന സിനിമ കാവി നിറത്തെ അപമാനിച്ചിരിക്കുന്നു. ഷാരൂഖ് ഖാനെ എവിടെയെങ്കിലും കണ്ടെത്തിയാൽ ഞാൻ അയാളെ ജീവനോടെ ചുട്ടെരിക്കും' എന്നാണ് പരമഹൻസ് പറയുന്നത്.

ഷാരൂഖ് ഖാൻ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ചിത്രമായതിനാൽ പ്രഖ്യാപന സമയം മുതൽ തന്നെ 'പഠാൻ' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ഏതാനും ദിവസങ്ങൾക്ക് മുമ്പ‍ാണ് 'ബെഷ്റം രം​ഗ്' എന്ന ​ഗാനം പുറത്തിറങ്ങിയത്. ഇതിൽ ദീപിക കാവി നിറത്തിലുള്ള ഒരു ബിക്കിനി ധരിച്ചിരുന്നു. ഇത് ഒരു വിഭാ​ഗത്തെ ചൊടിപ്പിക്കുകയും സിനിമ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി രം​ഗത്തെത്തുകയും ആയിരുന്നു. പിന്നാലെ മുംബയ് പൊലീസ് ചിത്രത്തിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു.