ശല്യക്കാരൻ പരുത്ത് വലയിൽ വീണു.

Thursday 22 December 2022 12:00 AM IST

കോട്ടയം: ശല്യക്കാരൻ പരുന്ത് നാട്ടുകാർ ഒരുക്കിയ കെണിയിൽ വീണു. മൂന്നാഴ്ചയായി പരുന്തിന്റെ ആക്രമണം ഭയന്ന് പുറത്തിറങ്ങാൻ കഴയാതെ ദുരിതത്തിലായിരുന്നു കുമരകം പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്നവർ. വീടിന് പുറത്ത് ഇറങ്ങിയാൽ പറന്നു വന്ന് ആക്രമിക്കും. കുട്ടികളടക്കമുള്ളവർ വീടിന് പുറത്തിറങ്ങാൻ ഭയന്നു. നാട്ടുകാർ വിവരം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പറന്നു നടക്കുന്ന പരുന്തിനെ പിടികൂടുകയെന്നത് പ്രയാസകരമെന്നായിരുന്നു അവരുടെ വാദം. തുടർന്ന്, നാട്ടുകാർ വല വിരിച്ച് കെണിയൊരുക്കി. ഇന്നലെ രാവിലെ പരുന്ത് വലയിൽ കുരുങ്ങി. തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചു. അവരെത്തി പരിശോധിച്ചപ്പോൾ പരുന്തിന്റെ കാലിൽ റിംഗ് കണ്ടെത്തി. ആരോ വളർത്തിയ പരുന്താണെന്നാണ് നിഗമനം. റിംഗ് മുറുകിക്കിടന്നതിനാൽ കോട്ടയം അഗ്നിശമന സേനാ ഓഫീസിൽ എത്തിച്ച് മുറിച്ചുമാറ്റി. അവശനിലയിരുന്ന പരുന്തിന് ഭക്ഷണവും വെള്ളവും നൽകിയശേഷം ആവാസമേഖലയായ കടൽ തീരത്ത് വിട്ടയച്ചതായി ഫോറസ്റ്റ് ഓഫീസർ കെ.എ അബീഷ് പറഞ്ഞു.

വളർത്തുന്ന പരുന്ത് കുറച്ചുനാൾ കഴിയുമ്പോൾ ആക്രമണകാരികളാകാറുണ്ടെന്നും ആ ഘട്ടത്തിൽ ഇതിനെ വളർത്തുന്നവർ പറത്തിവിടുകയാണ് പതിവെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.