ദേശീയ സ്ത്രീ നാടകോത്സവം നാളെ മുതൽ

Thursday 22 December 2022 3:22 AM IST

തിരുവനന്തപുരം: നിരീക്ഷ സ്ത്രീ നാടകവേദി നേതൃത്വം നൽകുന്ന ദേശീയ സ്ത്രീ നാടകോത്സവം നാളെ മുതൽ 25 വരെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കുമെന്ന് നിരീക്ഷ നാടക വേദിയുടെ വൈസ് പ്രസിഡന്റ് സുഷമ വിജയലക്ഷ്മി കേസരി ഹാളിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

23ന് രാവിലെ 9.30ന് മന്ത്രി ആന്റണി രാജു മാനവീയം വീഥിയിൽ വച്ച് നാടകോത്സവം ഫ്ലാഗ് ഓഫ് ചെയ്യും. വൈകിട്ട് 3.30ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ മന്ത്രി വി.എൻ.വാസവൻ നാടകോത്സവം ഉദ്ഘാടനം ചെയ്യും. 24ന് കുട്ടികളുടെ നാടകക്കളരിയുടെ ഉദ്ഘാടനം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ മന്ത്രി വി.ശിവൻകുട്ടിയും 25ന് സമാപന സമ്മേളനം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ മന്ത്രി കെ.എൻ.ബാലഗോപാലും ഉദ്ഘാടനം ചെയ്യും. 14 സ്ത്രീ സംവിധായകരുടെ വിവിധ തരത്തിലുള്ള നാടകങ്ങൾ മൂന്ന് ദിവസങ്ങളിലായി അവതരിപ്പിക്കും. സ്ത്രീകൾക്കായുള്ള നാടക ശില്പശാല,സെമിനാറുകൾ,സംഗീത പരിപാടികൾ,കളരി പെർഫോമെൻസ് എന്നിവ നടക്കും. വാർത്താസമ്മേളനത്തിൽ നാടകവേദി പ്രവർത്തകരായ രാജരാജേശ്വരി, സുധി ദേവയാനി, സോയ തോമസ്, മിനി .എസ്.കെ തുടങ്ങിയവ‌ർ പങ്കെടുത്തു.

Advertisement
Advertisement