സംഗീതരംഗത്ത് തൊഴിൽ വർദ്ധിപ്പിക്കും:മന്ത്രി ആർ.ബിന്ദു

Thursday 22 December 2022 3:30 AM IST

തിരുവനന്തപുരം: സംഗീത കോളേജുകളിൽ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു. ശ്രീസ്വാതി തിരുനാളിന്റെ സ്മരണാർത്ഥം 1939ൽ സ്ഥാപിച്ച സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ അദ്ദേഹത്തിന്റെ അർദ്ധകായപ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നവീകരിച്ച മുത്തയ്യാ ഭാഗവതർ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും സ്വാതി തിരുനാളിന്റെ പ്രതിമ നിർമ്മിച്ച ശില്പി കെ.എസ് സിദ്ധനെ ആദരിക്കുന്ന ചടങ്ങും മന്ത്രി നിർവ്വഹിച്ചു.

മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായി. കോളിജിയറ്റ് എഡ്യുക്കേഷൻ അഡി.ഡയറക്ടർ ഡോ.എം.ജ്യോതിരാജ്, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനിയർ ലൈജു, കോളേജ് പ്രിൻസിപ്പൽ പ്രൊഫ.വീണ വി.ആർ, റിട്ട. പ്രിൻസിപ്പൽ പി.ആർ.കുമാര കേരള വർമ്മ, റിട്ട.പ്രിൻസിപ്പൽ ആർ.ഹരികുമാർ, കാവുവിളയിൽ സതീശൻ, വൈപ്പിൻ പി.എം.സതീശൻ, ശ്രുതി കൃഷ്ണൻ എന്നിവർ പങ്കെടുത്തു.