അഫ്ഗാൻ സർവകലാശാലകളിൽ പെൺകുട്ടികൾക്ക് വിലക്കുമായി താലിബാൻ

Thursday 22 December 2022 2:10 AM IST

കാബൂൾ: അഫ്ഗാനിസ്ഥാൻ സർവകലാശാലകളിൽ പെൺകുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി താലിബാൻ ഭരണകൂടം. സ്വകാര്യ-സർക്കാർ സർവകലാശാലകൾ വിലക്ക് ഉടൻ നടപ്പാക്കണമെന്ന് ഭരണകൂടം അന്ത്യശാസനം നല്കി. ഉന്നതവിദ്യാഭ്യാസത്തിൽ നിന്നുള്ള വിലക്കിയതിന് പിന്നാലെ സർവകലാശാലകളിൽ പ്രവേശിക്കുന്നതിൽ നിന്ന് നൂറു കണക്കിന് പെൺകുട്ടകളെ താലിബാൻ തടയുകയും ചെയ്തു. നിലവിൽ പഠിക്കുന്നവരെ പുറത്താക്കാനും ഉന്നത വിദ്യാഭ്യാസ മന്ത്രി നേദ മുഹമ്മദ് നദീം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്ത്രീകളുടെ വിദ്യാഭ്യാസം നിറുത്തിവയ്ക്കുന്നതായി അറിയിക്കുന്നു എന്നാണ് നദീമിന്റെ ഉത്തരവ്. നടപടിയ്ക്കെതിരെ ഐക്യരാഷ്ട്ര സഭയും അമേരിക്കയും ബ്രിട്ടണും അപലപിച്ചു.

സർവകലാശാലകളിൽ സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്തിയ താലിബാന്റെ നടപടിയെ അമേരിക്ക രൂക്ഷമായി വിമർശിച്ചിരുന്നു. തീരുമാനത്തെ ശക്തമായി അപലപിക്കുന്നതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ എല്ലാവരുടെയും അവകാശങ്ങളെ മാനിക്കുന്നതുവരെ താലിബാൻ അന്താരാഷ്ട്ര സമൂഹത്തിൽ നിയമാനുസൃത അംഗമാകുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഈ തീരുമാനം താലിബാനെ സംബന്ധിച്ചിടത്തോളം അനന്തരഫലങ്ങൾ ഉണ്ടാക്കും, ജനസംഖ്യയുടെ പകുതിയോളം പേരും പിന്നോട്ട് പോകുമ്പോൾ ഒരു രാജ്യത്തിനും അഭിവൃദ്ധി പ്രാപിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നടപടി ലോകരാഷ്ട്രങ്ങൾക്കിടയിൽ അഫ്ഗാനെ ഒറ്റപ്പെടുത്തുമെന്ന് അമേരിക്കയിലെ യു.എൻ അംബാസഡർ റോബർട്ട് വുഡ് പറഞ്ഞു.

താലിബാൻ തീരുമാനത്തിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉത്കണ്ഠയിലായിലാണെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. വിദ്യാഭ്യാസ നിഷേധം സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങളെ ലംഘിക്കുക മാത്രമല്ല രാജ്യത്തിന്റെ ഭാവിയിൽ വിനാശകരമായ പ്രത്യാഘാതം ഉണ്ടാക്കുകയും ചെയ്യുമെന്ന് സെക്രട്ടറി ജനറൽ വ്യക്തമാക്കിയതായി സ്റ്രെഫാൻ ഡുജാറിക് പറഞ്ഞു. ഉത്തരവിൽ ഐക്യരാഷ്ട്രസഭ ആകുലതയിലാണെന്ന് യു.എൻ മേധാവിയുടെ അഫ്ഗാനിസ്ഥാൻ പ്രതിനിധി റമീസ് അലക്ബറോവും പ്രതികരിച്ചു. വിദ്യാഭ്യാസം മൗലികാവകാശമാണ്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിലേക്കുള്ള വാതിൽ അഫ്ഗാനിസ്ഥാന്റെ ഭാവിയിലേക്കുള്ള വാതിലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അഫ്ഗാൻ സ്ത്രീകളെയും പെൺകുട്ടികളെയും അന്താരാഷ്ട്ര സമൂഹം മറക്കില്ല, മറക്കുകയുമില്ലെന്ന് സെപ്തംബറിൽ യു.എൻ സുരക്ഷാ കൗൺസിൽ പ്രതികരിച്ചിരുന്നു.

രാജ്യത്തുടനീളം ആയിരക്കണക്കിന് പെൺകുട്ടികൾക്കും സ്ത്രീകൾക്കും സർവകലാശാല പ്രവേശന പരീക്ഷ എഴുതാൻ അനുമതി ലഭിച്ച് മൂന്ന് മാസത്തിനുള്ളിലാണ് ഉന്നത വിദ്യാഭ്യാസം നിരോധിച്ചു കൊണ്ടുള്ള ഉത്തരവ്. പെൺകുട്ടികൾക്ക് സെക്കൻഡറി സ്‌കൂളുകളിലുള്ള വിലക്ക് മുമ്പ് തന്നെ ഏർപ്പെടുത്തിയിരുന്നു.

സെക്കണ്ടറി വിദ്യാഭ്യാസ നിരോധനം താത്കാലികം മാത്രമാണെന്ന് പല താലിബാൻ ഉദ്യോഗസ്ഥരും പറയുന്നുണ്ടെങ്കിലും അടച്ചുപൂട്ടലിന് പല ന്യായീകരണങ്ങളും താലിബാൻ പറയുന്നുണ്ട്. ഫണ്ടിന്റെ അഭാവം മുതൽ ഇസ്ലാമിക രീതിയിൽ സിലബസ് പുനർനിർമ്മിക്കാൻ ആവശ്യമായ സമയം വരെ അതിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ വർഷം അധികാരം പിടിച്ചെടുത്തപ്പോൾ മൃദുവായ ഭരണം വാഗ്ദാനം ചെയ്തിട്ടും താലിബാൻ അന്താരാഷ്ട്ര തലത്തിലുള്ള എതിർപ്പുകൾ അവഗണിച്ച് എല്ലാ മേഖലകളിലും സ്ത്രീകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.സ്ത്രീകളെ സ്ത്രീ പ്രൊഫസർമാരോ പ്രായമായ പുരുഷന്മാരോ മാത്രമേ പഠിപ്പിക്കാവൂ എന്നും ക്ലാസ് മുറികളും പ്രവേശന കവാടങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം വേർതിരിക്കണമെന്നുമുള്ള നിയമങ്ങൾ നടപ്പിലാക്കാൻ സർവകലാശാലകൾ നിർബന്ധിതരായിരുന്നു.പല സർക്കാർ ജോലികളിൽ നിന്നും സ്ത്രീകളെ പുറത്താക്കി. പുരുഷ ബന്ധുവില്ലാതെ യാത്ര ചെയ്യുന്നതിൽ നിന്നും പെൺകുട്ടികൾക്ക് വിലക്കുണ്ട്. കൂടാതെ വീടിന് പുറത്ത് ബുർഖ നിർബന്ധമാക്കിയിട്ടുമുണ്ട്. നവംബറിൽ, പാർക്കുകൾ, ഫൺഫെയറുകൾ, ജിമ്മുകൾ എന്നിവയിൽ പോകുന്നതും താലിബാൻ നിരോധിച്ചു.

ഇത് അവരുടെ നിരക്ഷരതയും ഇസ്ലാമിനെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചുമുള്ള അറിവില്ലായ്മയുമാണ് വ്യക്തമാക്കുന്നത്. സ്ഥിതിഗതികൾ ഇങ്ങനെ തുടർന്നാൽ ഭാവി മോശമാകും എല്ലാവരും ഭയത്തിലാണ്,ഞങ്ങൾ പുരോഗതി പ്രാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോൾ, അവർ ഞങ്ങളെ സമൂഹത്തിൽ നിന്ന് നീക്കം ചെയ്യുന്നുവെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു. സർവകലാശാലകൾ നിലവിൽ ശൈത്യകാല അവധിയിലാണ്, മാർച്ചിൽ വീണ്ടും തുറക്കും.

Advertisement
Advertisement