വിസ്‌മയക്കാഴ്ചകളുമായി നഗരവസന്തം

Thursday 22 December 2022 3:45 AM IST

 എൽ.ഇ.ഡി ലൈറ്റുകളുടെ കമനീയ ശേഖരം  450 തരം പൂക്കൾ  25 അടി ഉയരമുള്ള ഇൻസ്റ്റലേഷനുകൾ

തിരുവനന്തപുരം: നഗരത്തിൽ എട്ട് കിലോമീറ്ററോളം ദൂരത്തിൽ വർണവിസ‌്മയം തീർക്കുന്ന എൽ.ഇ.ഡി ലൈറ്റുകളുടെ കമനീയ ശേഖരം! 450 തരം അലങ്കാര പുഷ്പങ്ങൾ, 5000ലേറെ ഔഷധസസ്യങ്ങൾ. അദ്ഭുതമൊളിപ്പിച്ച 25അടിയോളം ഉയരമുള്ള ഇൻസ്റ്റലേഷനുകൾ...ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾക്ക് നഗരത്തിലിറങ്ങുന്നവരെ കാത്തിരിക്കുന്നത് ഉത്സവരാവ്.

കനകക്കുന്നിലും പരിസരത്തുമായി നൂറിലേറെ ഇൻസ്റ്റലേഷനുകളാണ് ഒരുക്കുന്നത്. അലങ്കാരച്ചെടികൾക്കുള്ള എ.സി ജർമ്മൻ ടെൻഡിന്റെയും ചെടികളുടെ ക്രമീകരണവും തകൃതിയായി നടക്കുന്നു. 18 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് 25 അടി ഉയരമുള്ള ഇൻസ്റ്റലേഷൻ ഒരുക്കുന്നത്. ഇതിൽ 7 ലക്ഷത്തിന്റെ പൂക്കൾ ഉൾക്കൊള്ളിക്കും. ഇൻസ്റ്റലേഷനുകൾ കേന്ദ്രീകരിച്ചാണ് നഗര വസന്തത്തിൽ പൂക്കളും ചെടികളും ക്രമീകരിച്ചിട്ടുള്ളത്. വിപുലമായ കട്ട് ഫ്ളവർ പ്രദർശനം, ബോൺസായ് പ്രദർശനം, അലങ്കാര മത്സ്യപ്രദർശനം, അഡ്വഞ്ചർ ഗെയിംസ്,​ 9ഡി തിയേറ്റർ തുടങ്ങിയ ആകർഷണങ്ങളും നഗരവസന്തത്തിന്റെ ഭാഗമാണ്.

വിദേശപുഷ്‌പങ്ങളടക്കം 75 ലക്ഷത്തോളം രൂപയുടെ പൂക്കളാണ് പുഷ്പോത്സവത്തിനെത്തിക്കുന്നതെന്ന് സംഘാടകർ പറയുന്നു. പാളയം, വെള്ളയമ്പലം, ശാസ്തമംഗലം, വഴുതക്കാട്, കവടിയാർ, ദേവസ്വം ബോർഡ്, പ്ലാമൂട് എന്നിവിടങ്ങളിലാണ് എൽ.ഇ.ഡി ലൈറ്റുകളുടെ അലങ്കാരം. കനകക്കുന്നിൽ ഒരുക്കിയിട്ടുള്ള പ്രദർശന നഗരിയിലേക്ക് ഇന്ന് വൈകിട്ട് മൂന്നുമുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. മുതിർന്നവർക്ക് 100 രൂപയും 12 വയസുവരെയുള്ള കുട്ടികൾക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. പ്രദർശനം രാത്രി ഒരു മണിവരെ നീണ്ടു നിൽക്കും. രാത്രി 12 വരെ പ്രദർശന ടിക്കറ്റുകൾ ലഭ്യമാകും.

റിഗാറ്റ നാട്യ സംഗീത കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള നൃത്തപരിപാടികളും നഗരവസന്തത്തിന് മാറ്റുകൂട്ടും. കഫെ കുടുംബശ്രീയുടെ നേതൃത്വത്തിൽ 20ഓളം സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷണ വൈവിദ്ധ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫുഡ്‌കോർട്ടും സൂര്യകാന്തിയിൽ സജ്ജീകരിച്ചിട്ടുണ്ട്.

അഞ്ചുകേന്ദ്രങ്ങളിൽ

ടിക്കറ്റ് കൗണ്ടറുകൾ

കനകക്കുന്നിനു മുൻവശം, മ്യൂസിയത്തിന് എതിർവശത്തുള്ള ടൂറിസം ഓഫീസ്, ജവഹർ ബാലഭവനു മുൻവശത്തുള്ള പുഷ്‌പോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ്, വെള്ളയമ്പലത്തെ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഓഫീസ്, വഴുതക്കാട് ടാഗോർ തിയേറ്റർ.

Advertisement
Advertisement