ചരിത്രത്തിലാദ്യമായി അമേരിക്കയിൽ ട്രഷററായി ഇന്ത്യൻ വംശജൻ

Thursday 22 December 2022 2:58 AM IST

ന്യൂയോർക്ക്: യു.എസ് സംസ്ഥാനമായ മിസൗറിയിലെ ട്രഷററായി ഇന്ത്യൻ വംശജനായ വിവേക് മാലെക്കിനെ നിയമിച്ചതായി ഗവർണർ മൈക്ക് പാർസൺ. വെള്ളക്കാരല്ലാത്ത ആദ്യത്തെ ട്രഷറർ ആണ് വിവേക് . നിയമവിദഗ്ദ്ധനായ മാലെക്ക് സൗത്ത് ഈസ്റ്റ് മിസൗറി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടുന്നതിനായി ഹരിയാനയിലെ റോഹ്‌തക്കിൽ നിന്ന് 2002ലാണ് മിസൗറിയിലെത്തുന്നത്, ജനുവരിയിൽ സ്റ്റേറ്റ് ഓഡിറ്ററായി സ്ഥാനമൊഴിയുന്ന സഹ റിപ്പബ്ലിക്കൻ ട്രഷറർ സ്‌കോട്ട് ഫിറ്റ്സ്പാട്രിക്കിന് പകരമായാണ് മാലെക്ക് നിയമിതനാകുന്നത്.

വിവേക് മാലെക്കിനെ മിസൗറിയുടെ അടുത്ത സ്റ്റേറ്റ് ട്രഷററായി നിയമിക്കുന്നെന്ന് പാഴ്സൺ ട്വീറ്റ് ചെയ്തു. വിവേക് മാലെക്കിന്റെ പ്രവർത്തന ശൈലിയെ പ്രശംസിച്ച അദ്ദേഹം ജനങ്ങളുടെ പണം വിവേകിന്റെ കൈകളിലാണന്നും മിസൗറിയിലെ ജനങ്ങളെ സേവിക്കാനുള്ള ഉത്തരവാദിത്തവും പദവിയും അദ്ദേഹം മനസ്സിലാക്കുന്നുണ്ടെന്നും പറഞ്ഞു.

മിസൗറി സംസ്ഥാനത്തിന്റെ അടുത്ത സ്റ്റേറ്റ് ട്രഷററായി പ്രവർത്തിക്കാനുള്ള അവസരം തനിക്ക് ലഭിച്ച ബഹുമതിയാണെന്നും ജനങ്ങൾക്കു വേണ്ടി മികച്ച പ്രവർത്തനം വാഗ്ദാനം ചെയ്യുന്നെന്നും മാലെക് പറഞ്ഞു. റോഹ്‌തക്കിലെ മഹർഷി ദയാനന്ദ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ മാലെക്, ഇല്ലിനോയിയിലെ ഉർബാനചാമ്പെയ്നിലെ ഇല്ലിനോയിസ് കോളേജ് ഒഫ് ലായിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

Advertisement
Advertisement