മെഡി. കോളേജിൽ ഇനി അലയേണ്ട, ആധുനിക സൗകര്യങ്ങളോടെ ഓങ്കോളജി കെട്ടിടം

Wednesday 21 December 2022 11:11 PM IST

തൃശൂർ: ആധുനിക സൗകര്യങ്ങളുള്ള സർജിക്കൽ ഓങ്കോളജി വിഭാഗം കെട്ടിടനിർമ്മാണം പൂർത്തിയാകുന്നതോടെ ഗവ.മെഡിക്കൽ കോളേജിലെത്തുന്ന കാൻസർ രോഗികൾക്ക് ചികിത്സയ്ക്കായി ഇനി പല ഇടങ്ങളിൽ പോകേണ്ടിവരില്ല. മെഡിക്കൽ കോളേജിലെ നെഞ്ചുരോഗാശുപത്രി വിഭാഗത്തിലാണ് ചികിത്സാസൗകര്യം ഒരുക്കിയിരിക്കുന്നത്. ഡേ കെയർ കീമോതെറാപ്പി വാർഡിന്റെ രണ്ടാംഘട്ട നിർമ്മാണം പൂർത്തിയായി.


രണ്ട് ഘട്ടങ്ങളിലായി 3.5 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടനിർമ്മാണം പൂർത്തിയാക്കിയത്. പി.കെ ബിജു എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ഉപയോഗിച്ച് ഒന്നാംഘട്ടവും ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ 2.50 കോടി ഉപയോഗിച്ചാണ് രണ്ടാം ഘട്ടവും പൂർത്തിയാക്കി. നാല് ഒ.പി റൂമുകൾ, നഴ്‌സിംഗ് സ്റ്റേഷൻ, റെക്കാഡ് റൂം, രോഗികൾക്കായുള്ള കാത്തിരിപ്പ് മുറി, രണ്ട് വീതം ഗോവണികൾ, നഴ്‌സസ് റസ്റ്റ് റൂം എന്നിവ ഉൾപ്പെടെ ഒന്നാം ഘട്ടത്തിൽ സജ്ജമായി. രണ്ടാം ഘട്ടത്തിൽ കോൺഫറൻസ് ഹാൾ, സ്റ്റോർ റൂം, വെയ്റ്റിംഗ് ഏരിയ, രോഗികൾക്കും സ്റ്റാഫിനുമുള്ള ശുചിമുറികൾ എന്നിവ ഒരുക്കി.


2022-23 സാമ്പത്തികവർഷ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന്, നാല് നിലകൾ നിർമ്മിക്കാനായി അഞ്ച് കോടി രൂപ പുതുതായി അനുവദിച്ചിട്ടുണ്ട്. മൂന്നാം നിലയിൽ ഓങ്കോളജി വിഭാഗത്തിലെ തിയേറ്ററും ഐ.സി.യുവും നാലാം നിലയിൽ കോൺഫറൻസ് ഹാളും നിർമ്മിക്കും. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല. ശസ്ത്രക്രിയ വിഭാഗത്തിലേയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ 2 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തൃശൂരിന് പുറമേ പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളിൽ നിന്നായി പ്രതിദിനം മുന്നൂറിലധികം രോഗികളാണ് മെഡിക്കൽ കോളേജിൽ കാൻസർ ചികിത്സ തേടുന്നത്.

Advertisement
Advertisement