ആലപ്പുഴ മെഡി. ആശുപത്രിയിൽ, കാൻസർ രോഗി​കൾക്ക് 'കെയറി'ല്ല കാൻസർ കെയർ സൊസൈറ്റിയിൽ

Thursday 22 December 2022 1:28 AM IST
ആലപ്പുഴ മെഡി. ആശുപത്രി

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാൻസർ കെയർ സൊസൈറ്റിയുടെ സേവനം പൂർണമായും കാൻസർ രോഗികൾക്ക് ലഭിക്കുന്നില്ലെന്ന് ആക്ഷേപം. രോഗികളുടെ സംരക്ഷണത്തിനായി ആരോഗ്യ വകുപ്പ് അനുവദിച്ച ഫണ്ടിൽ നിന്ന് സൊസൈറ്റിക്ക് ഒരു സി.ടി സ്കാൻ മെഷീൻ വാങ്ങിയിരുന്നു. എന്നാൽ സ്കാനിംഗിന് എത്തുന്ന രോഗികൾക്ക് ഒരുതരത്തിലുള്ള ഇളവും അധികൃതർ നൽകാറില്ല. പക്ഷേ, രാഷ്ട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും ശുപാർശ ചെയ്താൽ ഇളവ് നൽകുന്നതാണ് പതിവ്. നിലവിൽ പ്രതിദിനം 75- 100 പേരാണ് രോഗ നിർണയത്തിന് എത്തുന്നത്.

സ്വകാര്യ സ്ഥാപനങ്ങളെക്കാൾ കുറഞ്ഞ ഫീസിലാണ് സ്കാനിംഗ്. കാൻസർ രോഗികൾക്ക് പരമാവധി ഇളവ് നൽകണമെന്നാണ് ആവശ്യം. ജീവനക്കാരുടെ ശമ്പളം നൽകുന്നത് സൊസൈറ്റിയുടെ വരുമാനത്തിൽ നിന്നാണ്. സർക്കാർ ഫണ്ടിൽ ഒന്നര വർഷം മുമ്പ് ആശുപത്രിയിൽ വാങ്ങിയ സി.ടി സ്കാൻ മെഷീനിന്റെ പ്രവർത്തനം സൊസൈറ്റിയുടെ ജീവനക്കാരെ നിയോഗിച്ചാണ് നടത്തുന്നത്. ആശുപത്രിയിൽ റേഡിയോ തെറാപ്പി വിഭാഗത്തിൽ മേധാവി ഉൾപ്പെടെ നിരവധി ഒഴിവാണുള്ളത്. മെഷീൻ മാസങ്ങളോളം ആശുപത്രിയിൽ നിശ്ചലമായി കിടന്നു. യന്ത്രങ്ങൾ നശിക്കുമെന്നതിനാലാണ് സൊസൈറ്റി ജീവനക്കാരുടെ സേവനം ഉറപ്പാക്കി സ്കാനിംഗ് പ്രവർത്തനം ആരംഭിച്ചത്. വരുമാനം പൂർണ്ണമായും ആശുപത്രി വികസന സമിതിയുടെ അക്കൗണ്ടിലെത്തും. ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യവും നൽകുന്നത് സൊസൈറ്റിയുമാണ്.

ഭരണസമിതി

1996ൽ ആണ് സൊസൈറ്റി നിലവിൽ വന്നത്. കളക്ടർ ചെയർമാൻ, ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വൈസ് ചെയർമാൻ, ആശുപത്രി സൂപ്രണ്ട് സെക്രട്ടറി, കാൻസർ വിഭാഗം മേധാവി, ആശുപത്രിയിലെ വിവിധ വകുപ്പ് മേധാവികൾ, എം.പി, എം.എൽ.എമാരുടെ പ്രതിനിധികൾ അംഗങ്ങളുമായുള്ളതാണ് ഭരണസമിതി.

പുതിയ റേഡിയേഷൻ മെഷീൻ വാങ്ങും

മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന കാൻസർ കെയർ സൊസൈറ്റിയുടെ ഫണ്ട് ഉപയോഗിച്ച് പുതിയ റേഡിയേഷൻ മെഷീൻ വാങ്ങാൻ ആലോചന. സൊസൈറ്റിയുടെ അടുത്ത യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും. 1990ൽ വാങ്ങിയ നിലവിലെ മെഷീനിന്റെ കാലപ്പഴക്കം കാരണം കമ്പനി സർവീസിന് വിസമ്മതിച്ചതിനാലാണ് പുതിയ മെഷീൻ വാങ്ങുന്നത്. പഴയ മെഷീൻ പണിമുട‌ക്കുന്നത് പതിവായിരുന്നു.

കാൻസർ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കൻ നിലവിലുള്ളതും കാലപ്പഴക്കം ചെന്നതുമായ കൊബാൾട്ട് മെഷീനിനു പകരം പുതിയ യന്ത്രം വാങ്ങാൻ സൊസൈറ്റിയുടെ അടുത്ത യോഗത്തിൽ തീരുമാനമാകും

-ഡോ. അബ്ദുൾ സലാം, സൂപ്രണ്ട്, മെഡിക്കൽ കോളേജ് ആശുപത്രി

കാൻസർ കെയർ സൊസൈറ്റിയിൽ സി.ടി സ്കാൻ എടുക്കാൻ എത്തുന്ന കാൻസർ രോഗികൾക്ക് സൗജന്യമായി രോഗ നിർണയം നടത്താനുള്ള തീരുമാനം എടുക്കാൻ ഭരണസമിതി ചെയർമാനായ കളക്ടർ മുൻ കൈയെടുക്കണം

-അഡ്വ. എസ്.ജ്യോതികുമാർ, സാമൂഹ്യ പ്രവർത്തകൻ

Advertisement
Advertisement