കെ.എസ്.ഇ.ബി, സി.ബി.എസ്.ഇ, വായ്പ... കുരുക്ക് മുറുക്കി ഓൺലൈൻ കെണികൾ

Thursday 22 December 2022 1:03 AM IST

തൃശൂർ: സി.ബി.എസ്.ഇ, കെ.എസ്.ഇ.ബി തുടങ്ങി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങളുടെ പേരിൽ വ്യാജവെബ്‌സൈറ്റുണ്ടാക്കി പണം തട്ടിക്കുന്ന സംഘം കൂടി വരുന്നതായി പൊലീസ് മുന്നറിയിപ്പ്.
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ പേരിൽ വ്യാജ വെബ്‌സൈറ്റ് പ്രവർത്തിക്കുന്നതായി ബോർഡ് തന്നെ മുന്നറിയിപ്പ് നൽകി. ഔദ്യോഗിക വെബ്‌സൈറ്റെന്ന വ്യാജേന cbsegovt.com എന്ന വിലാസത്തിലാണ് വെബ്‌സൈറ്റ്. ബോർഡിന്റെ യഥാർത്ഥ വെബ്‌സൈറ്റ് www.cbse.gov.in ആണ്. വിദ്യാർത്ഥികൾ ഇതുവഴി ലഭിക്കുന്ന നിർദ്ദേശം മാത്രം പിന്തുടരണമെന്നാണ് ബോർഡ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. വ്യാജ വെബ്‌സൈറ്റ് വഴി പല തട്ടിപ്പും നടത്തിയതായും പൊലീസ് സംശയിക്കുന്നു.

എന്നാൽ ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ല. '' വീട്ടിലെ കറന്റ് കട്ട് ചെയ്യും. നിങ്ങൾ പണം അടച്ചിട്ടില്ല. ഈ ഫോൺ നമ്പറിലേക്ക് വിളിക്കൂ.'' എന്ന സന്ദേശം അയച്ചാണ് കെ.എസ്.ഇ.ബിയുടെ പേരിൽ തട്ടിപ്പ്. ഇപ്പോൾ ശരിയാക്കിത്തരാമെന്നും ഈ ലിങ്ക് ഒന്ന് ക്ലിക്ക് ചെയ്താൽ മതിയെന്നും സന്ദേശത്തിലുണ്ടാകും. ലിങ്ക് ക്ലിക്ക് ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈയിലാകും. നിമിഷങ്ങൾക്കുള്ളിൽ പണവും പോകും.

തൃശൂരിലും തട്ടിപ്പ് വ്യാപകം


'അത്യാവശ്യമാണ്, 20,000 രൂപ ഉടൻ അയക്കണം' എന്ന സന്ദേശത്തിന് പിന്നാലെ കൂടുതൽ അന്വേഷിക്കാൻ നിൽക്കാതെ പണം അയച്ച മിഷൻ ക്വാർട്ടേഴ്‌സ് സ്വദേശിനിക്ക് നഷ്ടപ്പെട്ടത് 10,000 രൂപ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ആസൂത്രണം ചെയ്യപ്പെടുന്ന സൈബർ തട്ടിപ്പുകാരുടെ വലയിലാണ് ഇവർ അകപ്പെട്ടത്. പ്രൊഫൈൽ ഫോട്ടോ സുഹൃത്തിന്റേത് തന്നെയായിരുന്നതിനാൽ സംശയം തോന്നിയില്ല. 20,000 രൂപ അയക്കണമെന്നായിരുന്നു നിർദ്ദേശം. അത്രയും പണം കൈയിലില്ലാത്തതിനാൽ 10,000 രൂപ ഓൺലൈനായി അയച്ച ശേഷം സ്‌ക്രീൻഷോട്ട് വാട്‌സ് ആപ്പിലൂടെ കൈമാറി. 10,000 രൂപ കൂടി അയയ്ക്കാമോ എന്നു വീണ്ടും സന്ദേശമെത്തിയതോടെ സംശയം തോന്നി സുഹൃത്തിനെ നേരിട്ട് ഫോണിൽ വിളിച്ചു. അപ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻ ഈസ്റ്റ് പൊലീസിനും സൈബർ സെല്ലിനും പരാതി നൽകി. പണം സ്വീകരിച്ച അക്കൗണ്ട് മരവിപ്പിക്കാൻ മാത്രമായിരുന്നു സൈബർ സെല്ലിന് കഴിഞ്ഞത്.

ഗൂഗിൾ പേ വഴിയും

ഗൂഗിൾ പേ വഴി ഈ അക്കൗണ്ടിലേക്ക് 10 രൂപ അയക്കാമോ ? എന്ന സന്ദേശം അയച്ചും തട്ടിപ്പ് നടക്കുന്നുണ്ട്. പണം അയക്കുന്നതോടെ പിൻ നമ്പർ തട്ടിപ്പുകാർ കണ്ടെത്തി പണം തട്ടിയെടുക്കും. നിരവധി പേർ ഇങ്ങന പലതരം തട്ടിപ്പുകളിൽപെടുന്നുണ്ട്.

സൈബർ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറാണ് 1930. പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യാനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനുമുള്ള സഹായം സ്വീകരിക്കാനും ഈ ഹെൽപ്പ്‌ലൈൻ നമ്പർ ഉപയോഗിക്കാം.

സൈബർ പൊലീസ്

Advertisement
Advertisement