കുചേല ദിനം ആഘോഷിച്ചു

Thursday 22 December 2022 1:12 AM IST

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കുചേല ദിനം ആഘോഷിച്ചു. കുചേലൻ എന്നറിയപ്പെടുന്ന സുധാമാവ് സതീർത്ഥ്യനായ ഭഗവാൻ ശ്രീകൃഷ്ണനെ അവിൽ പൊതിയുമായി കാണാൻ പോയതിന്റെ സ്മരണയ്ക്കാണ് ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച കുചേല ദിനമായി ആഘോഷിക്കുന്നത്. നാളികേരം, ശർക്കര, നെയ്യ്, ചുക്ക്, ജീരകം എന്നിവയാൽ കുഴച്ച അവിൽ പന്തീരടി പൂജയ്ക്കും അത്താഴ പൂജയ്ക്കും ഗുരുവായൂരപ്പന് നിവേദിച്ചു. 13 കീഴ്ശാന്തി കുടുംബങ്ങളിലെ നമ്പൂതിരിമാർ ചേർന്നാണ് കുചേല ദിനത്തിലെ പ്രധാന വഴിപാടായ അവിൽ നിവേദ്യം തയ്യാറാക്കിയത്. 3,32,640 രൂപയുടെ അവിലാണ് ദേവസ്വം തയ്യാറാക്കിയത്. രാവിലെ മുതൽ നിരവധി ഭക്തർ അവിൽ, പഴം, ശർക്കര തുടങ്ങിയവ കൊണ്ടുവന്ന് ക്ഷേത്രത്തിൽ സമർപ്പിച്ചിരുന്നു. രാവിലെ മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ കലാമണ്ഡലം നീലകണ്ഠൻ നമ്പീശന്റെ സ്മരണയ്ക്കായി കഥകളി ഗായകർ കുചേലവൃത്തം കഥകളിപദങ്ങൾ ആലപിച്ചു. രാത്രി ഡോ:സഭാപതിയുടെ വഴിപാടായി കുചേലവൃത്തം കഥകളിയും അരങ്ങേറി.