കൊറിയർ സ്ഥാപനത്തിൽ വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തു
ആറ്റിങ്ങൽ: കൊറിയർ സ്ഥാപനത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന ഒരാൾ പിടിയിൽ. വഞ്ചിയൂർ വൈദ്യശാലമുക്കിൽ പ്രവർത്തിക്കുന്ന കൊറിയർ സർവീസിൽ നിന്നാണ് 5.250 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വഞ്ചിയൂർ വൈദ്യശാലമുക്ക് പണയിൽ വീട്ടിൽ ധീരജിനെ (25) എക്സൈസ് അറസ്റ്റ് ചെയ്ത് കേസെടുത്തു. ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ.ഷിബുവിന്റെ നേതൃത്വത്തിൽ വഞ്ചിയൂർ ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊറിയർ സ്ഥാപനം പരിശോധിച്ചത്.
സാധനങ്ങൾക്കിടയിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 5.250 കിലോ കഞ്ചാവും,വിതരണത്തിനായുള്ള സ്കൂട്ടറും,വെയിംഗ് മെഷിനും,രണ്ട് വില കൂടിയ സ്മാർട്ട് ഫോണുകളും ഇവിടെ നിന്ന് കണ്ടെടുത്തു. പ്രിവന്റീവ് ഓഫീസർമാരായ ദീപക്, അശോക് കുമാർ, അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധൻ,രാധാകൃഷ്ണ പിള്ള,ഗിരീഷ് കുമാർ,വൈശാഖ്, ഡ്രൈവർ ബിജു എന്നിവർ റെയ്ഡിൽ പങ്കെടുത്തു.