വർക്കലയിൽ പിടികിട്ടാപ്പുള്ളി പിടിയിൽ

Friday 23 December 2022 1:14 AM IST

വർക്കല: 11 വർഷങ്ങൾക്ക് മുൻപുള്ള ക്രിമിനൽ കേസിലെ പിടികിട്ടാപ്പുള്ളി വർക്കല പൊലീസിന്റെ പിടിയിലായി. ചെറുന്നിയൂർ വെന്നിക്കോട് പണയിൽ കടവ് മൺകുഴി സുകന്യ നിവാസിൽ രാജേഷാണ് (39) വർക്കല പൊലീസിന്റെ പിടിയിലായത്. 2011ൽ ചെറിന്നിയൂരിലുള്ള ഒരു സ്ത്രീയുടെ വീട്ടിൽ പ്രതി അതിക്രമിച്ചു കയറി അസഭ്യം പറയുകയും മൺചട്ടിയെടുത്ത് സ്ത്രീയുടെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച ശേഷം നാടുവിടുകയായിരുന്നു. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിച്ച സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വർക്കല ഡി.വൈ.എസ്.പി പി.നിയാസിന്റെ മേൽനോട്ടത്തിൽ വർക്കല എസ്.എച്ച്.ഒ സനോജ്.എസ് നടപ്പിലാക്കിയ സ്പെഷ്യൽ ഡ്രൈവിലാണ് ഇയാൾ വലയിലായത്. എസ്.ഐ രാഹുൽ പി.ആർ, എസ്.ഐ സതീശൻ, സി.പി.ഒമാരായ ഫാറൂഖ്, അഭിലാഷ്, സുധീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.