'സംവിധായകന് എന്നെ അങ്ങനെ കാണാൻ ഇഷ്ടം' മാളവികയ്ക്ക് നയൻതാരയുടെ മറുപടി

Saturday 24 December 2022 12:02 AM IST

അറ്റ്‌ലി സംവിധാനം ചെയ്ത രാജാറാണി എന്ന ചിത്രത്തിലെ ആശുപത്രി രംഗത്ത് നയൻതാര അമിതമായി മേക്കപ്പിട്ടതിനെതിരെ മാളവിക മോഹനൻ വിമർശിച്ചിരുന്നു. നയൻതാരയുടെ പേര് പറയാതെയായിരുന്നു മാളവികയുടെ വിമർശനം. ഒരു ആശുപത്രി രംഗത്തിൽ ഈ സൂപ്പർ താരനായികയെ ഞാൻ കണ്ടു. മേക്കപ്പും തലമുടിയുമൊക്കെ ഒരു കുഴപ്പവും പറ്റാതെ ഉണ്ടായിരുന്നു. അവർ മരിക്കുകയാണ്. അതേസമയം മുഴുവൻ മേക്കപ്പിലുമാണ്. ലിപ്‌സ്റ്റിക് ഒക്കെ ഇത്ര കൃത്യമായി ഇട്ട് ഒരാൾക്ക് എങ്ങനെ മരിക്കാനാവും. യാഥാർത്ഥ്യ ത്തോടെ കുറച്ചെങ്കിലും അടുത്ത് നിൽക്കേണ്ടേ എന്നു മാളവിക ചോദിച്ചിരുന്നു. കണക്ട് എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടെ മാളവികയുടെ പേര് പറയാതെയായിരുന്നു നയൻതാരയുടെയും മറുപടി. എന്റെ പേര് പരാമർശിച്ചിട്ടില്ല. പക്ഷേ അവർ ഉദ്ദേശിച്ചത് എന്നെയാണ്. ആശുപത്രി രംഗത്തിൽ വലിയ സൗന്ദര്യത്തോടെ പ്രത്യക്ഷപ്പെടണമെന്ന് ഞാൻ പറയില്ല. ഒരു റിയലിസ്റ്റിക് സിനിമയും വാണിജ്യ സിനിമയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഒരു റിയലിസ്റ്റിക് ചിത്രത്തിൽ അഭിനയിക്കുമ്പോൾ അത്തരം ഗെറ്റപ്പ് ആണ് നിങ്ങൾക്ക് ഉണ്ടാവുക. നടി പറഞ്ഞ ഉദാഹരണം ഒരു വാണിജ്യ സിനിമയിലേതാണ്. അതിന്റെ സംവിധായകന് എന്നെ അങ്ങനെ അവതരിപ്പിക്കാനായിരുന്നു താത്‌പര്യം. നയൻതാരയുടെ മറുപടി. 2013ൽ പുറത്തിറങ്ങിയ രാജാറാണി മികച്ച വിജയം നേടിയിരുന്നു.