നേമത്ത് ഡി.വൈ.എഫ്.ഐ നേതാവിനെ സ്ഥാനങ്ങളിൽ നിന്ന് നീക്കി

Saturday 24 December 2022 3:01 AM IST

 ആരോപണങ്ങൾ അന്വേഷിക്കാൻ പാർട്ടി ഏരിയാകമ്മിറ്റി തീരുമാനം

തിരുവനന്തപുരം: ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവേ ബാറിൽ കയറി മദ്യപിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐയിൽ നിന്ന് പുറത്താക്കപ്പെട്ട യുവനേതാവും നേമം ഏരിയാ കമ്മിറ്റി അംഗവുമായ ജെ.ജെ. അഭിജിത്തിനെ തിരഞ്ഞെടുത്ത പാർട്ടി സ്ഥാനങ്ങളിൽ നിന്നൊഴിവാക്കി സി.പി.എം. അതേസമയം പാർട്ടി അംഗത്വം നിലനിറുത്തിയിട്ടുണ്ട്.

ഇന്നലെ ചേർന്ന സി.പി.എം നേമം ഏരിയാ കമ്മിറ്റിയുടെ അടിയന്തരയോഗത്തിലാണ് തീരുമാനം. കൊവിഡ് ബാധിച്ച് മരിച്ച വനിതാ അംഗത്തിന്റെ കുടുംബത്തിന് വീടുവയ്ക്കാൻ പിരിച്ച ഫണ്ട് വെട്ടിച്ചെന്ന ആരോപണത്തിൽ ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രനെതിരെ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. കമ്മിറ്റി അംഗങ്ങളുൾപ്പെട്ട സമിതിയാണ് അന്വേഷിക്കുക.

ബാറിലെ മദ്യപാനത്തിന് പുറമേ പീഡനവും ലഹരി ഇടപാടുകളുമടക്കമുള്ള ഗുരുതരമായ ആക്ഷേപം അഭിജിത്തിനെതിരെ ഉയർന്ന പശ്ചാത്തലത്തിലാണ് തരംതാഴ്‌ത്തൽ. പരാതിക്കാരി പാർട്ടി നേതൃത്വത്തിന് നൽകിയ പരാതിയിൽ ബന്ധുക്കളെ സമീപിച്ച് പ്രതിക്കായി ഒത്തുതീർപ്പിനിടപെട്ടുവെന്ന് മുതിർന്ന ഏരിയാകമ്മിറ്റി അംഗം പ്രദീപിനെതിരെ ഉയർന്ന ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കാൻ മറ്റൊരു മൂന്നംഗ സമിതിയെയും യോഗം ചുമതലപ്പെടുത്തി. ആംബുലൻസ് വാങ്ങിയതിൽ ഡി.വൈ.എഫ്.ഐ നേതൃത്വത്തിനെതിരെ ഉയർന്ന ആരോപണം അന്വേഷിക്കാൻ മറ്റൊരു മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ജില്ലയിലെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ലഹരി ഇടപാടുകളടക്കമുള്ള അനഭിലഷണീയ പ്രവണതകൾ വർദ്ധിക്കുന്നുവെന്നത് ഗുരുതരമായ പ്രശ്‌നമായി കഴിഞ്ഞ ദിവസം സമാപിച്ച സി.പി.എം സംസ്ഥാനകമ്മിറ്റി യോഗം വിലയിരുത്തിയിരുന്നു. പരാതികളുയർന്നതിനെ തുടർന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന എസ്.എഫ്.ഐ ജില്ലാ ഫ്രാക്‌ഷൻ യോഗത്തിൽ ഗുരുതരമായ ആക്ഷേപങ്ങളാണുയർന്നത്. ശക്തമായ ഇടപെടലുണ്ടാകണമെന്ന് പാർട്ടി ജില്ലാ നേതൃത്വത്തിന് നിർദ്ദേശം നൽകിയാണ് സംസ്ഥാനസെക്രട്ടറി മടങ്ങിയത്.

സി.പി.എം സംസ്ഥാനകമ്മിറ്റി യോഗം ജില്ലയിലെ പാർട്ടിക്കകത്തെ വഴിവിട്ട പോക്കിൽ കടുത്ത വിമർശനമാണ് രേഖപ്പെടുത്തിയത്. കർശന തെറ്റ് തിരുത്തൽ രേഖ സംസ്ഥാനകമ്മിറ്റി യോഗം അംഗീകരിച്ചാണ് പിരിഞ്ഞത്. ജനുവരി 7നും 8നും അഞ്ച് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ജില്ലാ കമ്മിറ്റി യോഗം ചേരാനും നിശ്ചയിച്ചിട്ടുണ്ട്.

Advertisement
Advertisement