അവധിക്കാലമായി; ബംഗളൂരു- കണ്ണൂർ ബസ്സുകളിൽ പകൽകൊള്ള
കണ്ണൂർ: ക്രിസ്‌മസ്, ന്യൂ ഇയർ അവധിക്കാലത്ത് അന്തർ സംസ്ഥാന യാത്രാ നിരക്കിൽ കൊള്ളയുമായി വിമാന കമ്പനികൾക്ക് പിന്നാലെ ബസുടമകളും. യാത്ര ബുക്കു ചെയ്യുന്നവരിൽ നിന്ന് നിലവിലുള്ളതിന്റെ ഇരട്ടിയിലധികം ചാർജ്ജാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്. അവധിക്കാലത്തെ യാത്രയുടെ അത്യാവശ്യം മുതലെടുത്താണ് ഈ കൊള്ള. ആഭ്യന്തര വിമാന സർവീസുകൾക്ക് ഡിസംബർ 15 മുതൽ തന്നെ ചാർജ്ജ് വർദ്ധിപ്പിച്ചിരുന്നു.
ഇക്കണോമി ക്ലാസിൽ മുംബൈയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് ശരാശരി 7308 രൂപയാണെങ്കിൽ ക്രിസ്‌മസിന് തലേന്ന് ഇത് പത്തിരട്ടിയിലധികമായി. ആഭ്യന്തര യാത്രയിൽ സീറ്റുകൾക്ക് ആവശ്യക്കാർ ഏറുന്നതുകൊണ്ടാണ് വിമാന കമ്പനികളുടെ ഈ കൊള്ള. ചിലവ് താങ്ങാനാവാതെ ആകാശയാത്ര വേണ്ടെന്ന് വച്ച് അന്തർ സംസ്ഥാന സ്വകാര്യ ബസ് ആശ്രയിക്കാൻ തീരുമാനിച്ചാലും രക്ഷയില്ലാത്ത സ്ഥിതിയാണ്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്ക് സ്വകാര്യ ബസുകളെല്ലാം അവധിക്കാലത്ത് ഈടാക്കുന്നത് ഭീമമായ തുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും ജോലി ചെയ്യുന്നവരുമടക്കമുള്ള ആയിരങ്ങളാണ് ഈ കൊള്ളക്ക് ഇരകളാവുന്നത്. ഇത് ഈ അവധിക്കാലത്തെ മാത്രം പ്രശ്നമല്ല. എല്ലാ അവധിക്കാലവും വിമാനകമ്പനികൾക്കും സ്വകാര്യ ബസുടമകൾക്കും ചാകരയാണ്. യാത്രക്കാർക്ക് കണ്ണീരും.
പതിവ് നിരക്ക് 800, സീസണിൽ 3000 വരെ
സാധാരണ ദിവസങ്ങളിൽ 800 രൂപ മുതൽ 2000 രൂപ വരെ ഈടാക്കുന്ന വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ടിക്കറ്റുകൾ മൂവ്വായിരം മുതൽ നാലായിരം രൂപവരെയായാണ് വർദ്ധിച്ചിരിക്കുന്നത്.
ബംഗ്ളൂരുവിൽ നിന്നു കണ്ണൂരിലേക്കും തലശേരിയിലേക്കും മറ്റുമുള്ള യാത്രകൾക്ക് 800 രൂപ വരെയാണ് സാധാരണ നിരക്ക്. എന്നാൽ ഇപ്പോൾ തോന്നിയ പോലെയാണ്. വലിയ വിലയാണ് യാത്രക്കാർ നൽകേണ്ടി വരുന്നത്. അതും പെർമിറ്റു പോലുമില്ലാതെ കോൺട്രാക്ട് കാരിയേജ് എന്ന ഓമനപ്പേരിൽ സർവ്വീസ് നടത്തുന്ന വൻകിട കമ്പനികളുടെ ബസ്.
ഒരു ഗ്രൂപ്പിനെ ഒരു സ്ഥാനത്തു നിന്നു മറ്റൊരു പോയന്റിലേക്ക് കൊണ്ടുപോകുന്നതിനുള്ള പെർമിറ്റ് മാത്രമാണ് ഇവർക്കുള്ളത്. ഇതുപോലെ അമ്പതോളം ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്. ബുക്ക് ചെയ്ത ടിക്കറ്റ് യാത്രക്കാരിൽ നിന്നും തിരികെ വാങ്ങി ബോർഡിംഗ് പാസ് മാത്രമാണ് ഇവർ നൽകുന്നത്.