കെ. കരുണാകരനുണ്ടായിരുന്നത് പ്രശ്‌നാധിഷ്ഠിത വിയോജിപ്പ് മാത്രം: വി.എം. സുധീരൻ

Saturday 24 December 2022 12:12 AM IST

തൃശൂർ: കെ. കരുണാകരന് കോൺഗ്രസ് പാർട്ടിയിലും എതിർചേരിയിലും സ്ഥിരമായി ഒരാളോടും ശത്രുത ഉണ്ടായിരുന്നില്ലെന്നും മറിച്ച് പ്രശ്‌നങ്ങളിലെ വിയോജിപ്പ് മാത്രമാണ് ഉണ്ടായിരുന്നതെന്നും വി.എം. സുധീരൻ. ലീഡർ കെ. കരുണാകരന്റെ ചരമവാർഷികദിനത്തിൽ ഡി.സി.സി നടത്തിയ ലീഡർ സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിയോജിപ്പ് ആകാം, മറിച്ച് ശത്രുത പുലർത്തുന്നത് ബന്ധങ്ങളെ ദുർബലപ്പെടുത്തും. പാർട്ടി സ്ഥാനാർത്ഥികളെ തോൽപ്പിക്കുന്ന രീതി അന്ന് ഉണ്ടായിരുന്നില്ല. ഇന്ന് തനിക്ക് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിയല്ലെങ്കിൽ തോൽപ്പിക്കുകയെന്നത് ശൈലിയായിരിക്കുന്നു. പാർട്ടി തലത്തിലും ഉദ്യോഗസ്ഥതലത്തിലും ഓരോ സ്ഥാനങ്ങളിലേക്കുമുള്ള വ്യക്തികളെ കണ്ടെത്തുന്നതിൽ വലിയ കൃത്യത പുലർത്തിയിരുന്നു എന്നുള്ളത് അദ്ദേഹത്തിന്റെ വലിയ പ്രത്യേകതയാണെന്നും സുധീരൻ പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി. എം.പി. വിൻസെന്റ്, ഒ. അബ്ദുറഹിമാൻകുട്ടി, ടി.വി. ചന്ദ്രമോഹൻ,, ജോസഫ് ചാലിശ്ശേരി, അഡ്വ. ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, സി.എസ്. ശ്രീനിവാസൻ, ജോൺ ഡാനിയേൽ, എ. പ്രസാദ്, കെ.ബി. ശശികുമാർ, സി.സി. ശ്രീകുമാർ, ഐ.പി. പോൾ, സി.ഒ. ജേക്കബ്, നിജി ജസ്റ്റിൻ, കെ. ഗോപാലകൃഷ്ണൻ, കെ.എഫ്. ഡൊമിനിക്, കെ.എച്ച്. ഉസ്മാൻഖാൻ എന്നിവർ പ്രസംഗിച്ചു. മുരളിമന്ദിരത്തിലെ കെ. കരുണാകരന്റെ ശവകുടീരത്തിലും ഡി.സി.സി യിലെ സ്മൃതിമണ്ഡപത്തിലും പുഷ്പാർച്ചന നടത്തി.

Advertisement
Advertisement