ഇ.എം.എസ് സ്റ്റേഡിയം രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം 27ന്

Saturday 24 December 2022 12:59 AM IST

ആലപ്പുഴ: നഗരത്തിലെ ഇ.എം.എസ് സ്റ്റേഡിയം രണ്ടാം ഘട്ടം നിർമ്മാണോദ്ഘാടനം 27ന് വൈകിട്ട് 5ന് കായിക മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനം ജനകീയമായി സംഘടിപ്പിക്കാൻ നഗരസഭയിൽ ചേർന്ന സ്വാഗതസംഘം യോഗം തീരുമാനിച്ചു.

27ന് വൈകിട്ട് 4ന് ആലപ്പുഴ ടൗൺഹാളിനു മുന്നിൽ നിന്നു ജനപ്രതിനിധികളുടെയും കായിക താരങ്ങളുടെയും കായിക പ്രേമികളുടെയും അകമ്പടിയോടെ ഘോഷയാത്ര നടത്തും. 2016-17 സംസ്ഥാന ബഡ്‌ജറ്റിലെ കളിക്കളം പദ്ധതിയിൽ 5 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു. രണ്ട് ഘട്ടങ്ങളായാണ് നിർമ്മാണം. ആദ്യഘട്ടത്തിൽ നിലവിലുളള ചില കടമുറികൾ നവീകരിച്ച് കളിക്കാർക്കുള്ള ഡ്രസിംഗ് റൂമുകൾ, ടോയ്‌ലറ്റ് എന്നിവയും ഓട്ടോമാറ്റിക് സ്പ്രിംഗ്‌ളർ സിസ്റ്റം വർക്കുകളും നാച്ചുറൽ ടർഫ്, ഫിഫ സ്റ്റാൻഡേർഡ് ഫുട്ബാൾ ഗ്രൗണ്ടും നിർമ്മിക്കും. 4.5 കോടിയാണ് അടങ്കൽ.

രണ്ടാം ഘട്ടത്തിൽ 8 ലൈൻ 400 മീറ്റർ സിന്തറ്റിക് ട്രാക്കും ലോംഗ് ജമ്പ് പിറ്റും ത്രോ ഇവന്റുകൾ നടത്താനുള്ള പിച്ചും നിർമ്മിക്കും. 6.42 കോടിയാണ് അടങ്കൽ. ആകെ 10.92 കോടിയാണ് രണ്ടാം ഘട്ട നിർമ്മാണ ചെലവ്. പദ്ധതി ഒരു വർഷത്തിനുളളിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. നഗരസഭ കൗൺസിൽ ഹാളിൽ അമ്പലപ്പുഴ എച്ച്.സലാം എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന സ്വാഗതസംഘം യോഗത്തിൽ നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, എ.ഷാനവാസ്, ആർ. വിനിത, എം.ആർ. പ്രേം, നസീർ പുന്നയ്ക്കൽ, ബി.അജേഷ്, എ.എസ്. കവിത, നജിത ഹാരിസ്, ക്ലാരമ്മ പീറ്റർ, അർജുന പി.ജെ. ജോസഫ്, വി.ജി.വിഷ്ണു, സി.ടി.സോജി, കുര്യൻ ജയിംസ്, വിനോദ്കുമാർ, അത്‌ലറ്റിക്‌സ്, ഒളിമ്പിക്‌സ്, ഷട്ടിൽ ബാഡ്മിന്റൺ, സ്വിമ്മിംഗ്, റോളർ സ്‌കേറ്റേഴ്‌സ്, ഫുട്ബാൾ, വോളിബാൾ, കബഡി അസോസിയേഷൻ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

Advertisement
Advertisement