മാർ ജേക്കബ് മുരിക്കന് ഇത് ഏകാന്തതയിലെ ആദ്യതിരുപ്പിറവി.

Sunday 25 December 2022 12:00 AM IST

പാലാ: തപോജീവിതം നയിക്കുന്ന സന്യാസിശ്രേഷ്ഠൻ മാർ ജേക്കബ് മുരിക്കന് ഇത് ഏകാന്തതയിലെ ആദ്യതിരുപ്പിറവി.

പാലാ രൂപതാ സഹായമെത്രാൻ സ്ഥാനത്തുനിന്ന് പരിപൂർണ്ണമായി സന്യാസി ആകാനുള്ള തീരുമാനവുമായി കുട്ടിക്കാനത്തിനടുത്ത് നല്ലതണ്ണിയിലെ ഏകാംഗ ആശ്രമത്തിൽ പ്രാർത്ഥനയുമായി കഴിയുന്ന മാർ ജേക്കബ് മുരിക്കന്റെ ഈ തപോആശ്രമത്തിലെ ആദ്യ ക്രിസ്മസാണിത്.

ഒമ്പത് മാസം മുമ്പാണ് മാർ ജേക്കബ് മുരിക്കൻ ഇവിടേയ്ക്ക് നിത്യതപസ്സിനായി എത്തിയത്. ചെറിയൊരു കൂടാരം. അതിൽ ക്രിസ്തുനാഥന്റെ ചില്ലിട്ടൊരു ചിത്രം. തൊട്ടുതാഴെ കൊന്തയും ബൈബിളും. വലതുവശത്തായി ഉണ്ണിയേശുവിന്റെ ഒരു ചെറിയ തിരുസ്വരൂപം. ഇത്രയുമായാൽ മാർ ജേക്കബ് മുരിക്കന്റെ പ്രാർത്ഥനാമുറിയായി. ഇതോട് ചേർന്നുള്ള ചെറിയൊരു കിടപ്പുമുറിയും അടുക്കളയും കൂടിയാകുമ്പോൾ തപോആശ്രമമായി.

പതിവുളള വെള്ള ളോഹ മാറ്റി കാവി ജുബ്ബയും പൈജാമയുമാണ് വേഷം. ദിവസവും പുലർച്ചെ മൂന്നിന് എഴുന്നേൽക്കുന്ന മാർ ജേക്കബ് മുരിക്കൻ ദിവസത്തിൽ 16 മണിക്കൂറും പ്രാർത്ഥനയിലാണ്. ചെറിയൊരു കൃഷിക്കും ഭക്ഷണമുണ്ടാക്കുന്നതിനും വസ്ത്രം കഴുകുന്നതിനുമായി ഇതിനിടയിൽ കുറച്ചുസമയം നീക്കിവച്ചിട്ടുണ്ടെന്നു മാത്രം.

ആഴ്ചയിൽ രണ്ട് ദിവസം മാത്രമേ സന്ദർശകർക്കായി അനുവദിച്ചിട്ടുള്ളൂവെങ്കിലും കിഴക്കൻ മലമടക്കുകളിൽ സദാ കോടമഞ്ഞ് വീശുന്ന നല്ലതണ്ണിയിലെ ഈ കൊച്ചു ആശ്രമത്തിൽ മിക്കപ്പോഴും ജാതിമത ഭേദമന്യെ വിശ്വാസികൾ എത്താറുണ്ട്. വരുന്നവർക്കെല്ലാം സ്വന്തം കൈകൊണ്ട് പാകപ്പെടുത്തിയ കഞ്ഞിയും പയറും ചമ്മന്തിപ്പൊടിയും മാർ മുരിക്കൻ വിളമ്പും. എത്രപേർ വന്നാലും അവർക്കെല്ലാം ഒരുതവി കഞ്ഞിയെങ്കിലും കൊടുത്തേ ഇദ്ദേഹം മടക്കിയയ്ക്കുകയുള്ളൂ.

ക്രിസ്മസിന്റെ രണ്ടുദിവസം മുന്നേ തന്നെ ഇവിടേയ്ക്ക് പ്രാർത്ഥനാ വരങ്ങൾ തേടി നിരവധി വിശ്വാസികളാണെത്തിയത്. അവരെയെല്ലാം സ്വന്തം പ്രാർത്ഥനാ മുറിയിലേക്ക് ക്ഷണിച്ച് മൗനപ്രാർത്ഥന നടത്തി കൈവെപ്പ് അനുഗ്രഹത്തോടെയാണ് മാർ മുരിക്കൻ മടക്കിയയ്ക്കുന്നത്.

Advertisement
Advertisement