ഭക്ഷ്യ സുരക്ഷ ഉറപ്പാക്കും.

Sunday 25 December 2022 12:00 AM IST

കോട്ടയം. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാ​ഗമായി ഭക്ഷ്യവിപണി സുരക്ഷിതമാക്കാൻ മുന്നിട്ടിറങ്ങി ഭക്ഷ്യസുരക്ഷ വകുപ്പ്. ബേക്കറികൾ, ബോർമകൾ, ഹോട്ടലുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചു. ഓപ്പറേഷൻ ഹോളിഡേ എന്ന പേരിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പരിശോധന നടത്തും. 31 വരെയാണ് പരിശോധന. കേക്ക്, ആൽക്കഹോളിക്ക് ബീവറേജ്, ഐസ് ക്രീം, ശർക്കര, വെളിച്ചെണ്ണ തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകിയാണ് പരിശോധന. ക്രിസ്മസ് - പുതുവത്സര കാലയളവിൽ വലിയ തോതിൽ കേക്ക് ഉണ്ടാക്കി വിൽക്കാറുണ്ട്. എന്നാൽ വീടുകളിൽ കേക്ക് ഉണ്ടാക്കി വിൽക്കണമെങ്കിൽ ഭക്ഷ്യസുരക്ഷ ലൈസൻസ് ആവശ്യമാണ്.

ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും.

കൃത്രിമ നിറങ്ങൾ ഭക്ഷ്യ വസ്തുക്കളിൽ ചേർക്കാൻ പാടില്ല. ക്രിസ്മസ് കേക്കുകളിൽ കൂടുതൽ അളവിൽ പ്രിസർവേറ്റീവ് ചേർക്കുന്നത് കുറ്റകരമാണ്. കൃത്യമായ ലേബൽ വിവരങ്ങൾ രേഖപ്പെടുത്തിയില്ലെങ്കിൽ മൂന്നു ലക്ഷം രൂപ വരെയാണ് പിഴ. തൂക്കം, വില, പാക്കിങ് തീയതി, ഉപയോ​ഗിക്കാവുന്ന കാലാവധി, അടങ്ങിയിരിക്കുന്ന ഘടകങ്ങൾ, ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ നമ്പർ, വെജ് / നേൺ വെജ് അടയാളം തുടങ്ങിയ വിവരങ്ങൾ ലേബലിൽ ഉണ്ടായിരിക്കണം. ​ഗുണ നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കി വിറ്റാൽ അഞ്ചു ലക്ഷം രൂപ വരെ പിഴ ലഭിക്കാം. ലൈസൻസ് ഇല്ലാതെ ഉത്പാദനവും വിപണനവും നടത്തിയാൽ ആറു മാസം തടവും അഞ്ചുലക്ഷം രൂപയുമാണ് പിഴ. കൂടാതെ അടച്ചുപൂട്ടൽ നടപടിയും നേരിടേണ്ടതായി വരും.

രണ്ട് സ്ഥാപനം പൂട്ടിച്ചു.

ജില്ലയിൽ സ്ക്വാഡ് ആദ്യ മൂന്നു ദിവസങ്ങളിലായി 112 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 12 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 2 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസ് നൽകി. വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിച്ചുവന്ന സ്ഥാപനങ്ങളാണ് ഇവ. ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചുവന്ന രണ്ട് സ്ഥാപനങ്ങൾ അടച്ചു. 9 ​സ്റ്റാറ്റ്യൂട്ടറി സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് അയച്ചു. കേക്ക്, വൈൻ നിർമ്മാണ കേന്ദ്രങ്ങളാണ് പ്രധാനമായും നിരീക്ഷിക്കുന്നത്.

Advertisement
Advertisement