ചൈന ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ആർ.ടി.പി.സി.ആർ

Sunday 25 December 2022 12:55 AM IST

ന്യൂഡൽഹി: കൊവിഡ് ഭീഷണിയുടെ പശ്‌ചാത്തലത്തിൽ ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യാന്തര യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ഈ രാജ്യങ്ങളിൽ നിന്നു വരുന്നവർ യാത്രയ്‌ക്ക് മുമ്പ് നിലവിലെ ആരോഗ്യ സ്ഥിതി പ്രഖ്യാപിക്കുന്നതിനുള്ള എയർ സുവിധ ഫോം പൂരിപ്പിക്കണം. യാത്രക്കാർക്ക് രോഗലക്ഷണങ്ങൾ കാണുകയോ കൊവിഡ് പോസിറ്റീവ് ആകുകയോ ചെയ്‌താൽ ക്വാറന്റൈനിൽ ആക്കും. 2 ശതമാനം അന്താരാഷ്ട്ര യാത്രക്കാരുടെ സാമ്പിൾ പരിശോധന കഴിഞ്ഞ ദിവസങ്ങളിൽ തുടങ്ങി.

കൊവിഡ് ഭീഷണി നേരിടാൻ കേന്ദ്രവും സംസ്ഥാനങ്ങളും മുൻകാലങ്ങളിലേതുപോലെ സഹകരിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി ആവർത്തിച്ചു. പുതുതായി 201 കൊവിഡ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്‌തത്. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 3,397 ആണ്.

ഓക്‌സിജൻ ലഭ്യത

ഉറപ്പാക്കണം

കൊവിഡ് വ്യാപനം മുന്നിൽ കണ്ട് രാജ്യത്ത് മെഡിക്കൽ ഒാക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ഒാക്‌സിജൻ കോൺസെൻട്രേറ്റ്‌സ്, ഒാക്‌സിജൻ സിലിണ്ടറുകൾ, മറ്റ് ഒാക്‌സിജൻ അനുബന്ധ സജ്ജീകരണങ്ങൾ തുടങ്ങിയവ ഉറപ്പാക്കണം. കൊവിഡ് രണ്ടാം തരംഗ സമയത്ത് ഒാക്‌സിജൻ ക്ഷാമം വെല്ലുവിളിയായത് കണക്കിലെടുത്താണിത്. വെന്റിലേറ്റർ സൗകര്യത്തോടെയുള്ള ആശുപത്രിക്കിടക്കകൾ, ജീവനക്കാർ, ആംബുലൻസ് അടക്കം സേവനങ്ങൾ ഉറപ്പാക്കാനും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു. ഇക്കാര്യങ്ങളുടെയെല്ലാം പ്രവർത്തനക്ഷമത ഉറപ്പാക്കാൻ മോക്ക് ഡ്രിൽ നടത്താനും നിർദ്ദേശമുണ്ട്.

Advertisement
Advertisement