ഇ.എസ്.ഐ കോർപ്പറേഷന്റെ കൈയിൽ കോടികൾ ആശ്രയമറ്റ് തൊഴിലാളികൾ

Sunday 25 December 2022 12:18 AM IST

ചികിത്സയ്ക്ക് ആശ്രയം മറ്റ് ആശുപത്രികൾ

കണ്ണൂർ: കോടികൾ നീക്കിയിരുപ്പായി കോർപ്പറേഷന്റെ കൈയിലുണ്ടായിട്ടും ഇ.എസ്.ഐ ആശുപത്രികൾ സൂപ്പർ സ്പെഷ്യാലിറ്റിയായി ഉയർത്തുമെന്ന് പറയുന്നതല്ലാതെ, തൊഴിലാളികൾക്ക് ചികിത്സയ്ക്ക് ആശ്രയം ഇപ്പോഴും മറ്റു സർക്കാർ, സ്വകാര്യ ആശുപത്രികൾ. കുറ‌ഞ്ഞ വിഹിതം അടയ്ക്കുന്ന മെഡിസെപ് പദ്ധതി പ്രകാരം സർക്കാർ, സഹകരണ ജീവനക്കാർക്ക് സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ കിട്ടുമ്പോഴാണ് പാവപ്പെട്ട തൊഴിലാളികൾക്ക് സാധാരണ ചികിത്സ പോലും ലഭിക്കാത്തത്.

രാജ്യത്ത് ആകെയുള്ള 160 ഇ.എസ്.ഐ. ആശുപത്രികളിൽ 12 എണ്ണം സംസ്ഥാനത്താണ് പ്രവർത്തിക്കുന്നത്. ഇവിടുത്തെ രോഗികൾ നേരിടുന്ന ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നതാണ് തൊഴിലാളികളുടെ പരാതി.

2020-21 വർഷം ഇ.എസ്.ഐ കോർപ്പറേഷന് തൊഴിലാളികളിൽ നിന്ന് ലഭിച്ചത് 77,74,56,867രൂപ ലഭിച്ചുവെന്ന് സാമൂഹിക പ്രവർത്തകൻ പി. ധർമ്മന് ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. രാജ്യത്തെ ഇ.എസ്.ഐ.സി ആശുപത്രികളിൽ ഏകദേശം 33,000 രോഗികൾക്ക് ഒരു ഡോക്ടർ എന്ന നിലക്കാണ് ഡോക്ടർ -രോഗി അനുപാതം. 1000 രോഗികൾക്ക് ഒരു ഡോക്ടർ എന്ന അനുപാതം നിലവിലിരിക്കെയാണ് ഇത്തരമൊരു അവസ്ഥ. നിലവിൽ ഇന്ത്യയിലെ 12.04 കോടി ഗുണഭോക്താക്കൾക്കായി സേവനം നടത്തുന്ന ഡോക്ടർമാരുടെ എണ്ണം കേവലം 3691 ആണ്.

കഴിഞ്ഞ വർഷം മാത്രം ഇ.എസ്.ഐയിൽ അംഗങ്ങളായവർ 10,29,630

ഗുണഭോക്താക്കൾ 41,18,520

ഉത്തരമലബാറിൽ മാത്രം ഒരു ലക്ഷം കാർഡുടമകൾ

ഉത്തര മലബാറിൽ മാത്രം ഒരു ലക്ഷത്തോളം ഇ.എസ്.ഐ കാർഡുടമകളും മൂന്നു ലക്ഷത്തോളം ആശ്രിതരുമുണ്ട്. ഇവർക്കായുള്ള ഒരേയൊരു കിടത്തിചികിത്സാ കേന്ദ്രം കണ്ണൂർ തോട്ടടയിലാണ്. എം. പാനൽ ആശുപത്രികളായി നേരത്തെ എ.കെ.ജി ആശുപത്രി, കൊയിലി ആശുപത്രി, ചെറുകുന്ന് ആശുപത്രി, തലശേരി കോ- ഓപ്പറേറ്റീവ് ആശുപത്രി, തലശേരി ഇന്ദിരാഗാന്ധി ആശുപത്രി എന്നിവ ഉണ്ടായിരുന്നു. ഇ.എസ്.ഐയിൽ നിന്ന് കൃത്യമായി ഫണ്ട് ലഭിക്കാത്തതിനാൽ ഈ ആശുപത്രികൾ വർഷങ്ങൾക്ക് മുമ്പ് തന്നെ ചികിത്സ നിർത്തുകയായിരുന്നു.

ഇ.എസ്‌.ഐ ആശുപത്രികളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയാറാവണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി രാമേശ്വർ തേലിക്ക് നിവേദനം നൽകിയിട്ടുണ്ട്. ആശുപത്രികളിൽ കൂടുതൽ ഡോക്ടർമാരെ നിയമിച്ച് ശോച്യാവസ്ഥ പരിഹരിക്കണം.

ഡോ. വി. ശിവദാസൻ എം.പി.

ഇ.എസ്‌.ഐ ആശുപത്രിയുടെ സമഗ്ര വികസനത്തിന് ആവശ്യമായ ശിപാർശ കേന്ദ്രബോർഡിന് കൈമാറും.

വി. രാധാകൃഷ്ണൻ, ഇ.എസ്‌.ഐ ബോർഡ് മെമ്പർ

ജില്ലയിലെ ഏഴ് സ്വകാര്യ, സഹകരണ ആശുപത്രികളിൽ കാഷ്ലെസ് ചികിത്സ പുനഃസ്ഥാപിക്കുകയും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ ലഭ്യമാക്കുകയും വേണം.

പി. ധർമ്മൻ, സാമൂഹിക പ്രവർത്തകൻ