തൊഴിൽ സങ്കല്‌പം മാറ്റിപ്പിടിക്കേണ്ട സമയമായി

Sunday 25 December 2022 12:54 AM IST

മലയാളിയുടെ വളരെ വിചിത്രമായ തൊഴിൽ സങ്കൽപം അത്ഭുതപ്പെടുത്തുന്നതാണ്. കാലം മാറി, ശാസ്ത്രസാങ്കേതിക വിദ്യകളിൽ അത്ഭുതകരമായ മാറ്റങ്ങളുണ്ടായി. പുരോഗമനസമൂഹമെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുമ്പോഴും മലയാളികൾ ഇന്നും തൊഴിൽ,വരുമാന സങ്കൽപങ്ങളിൽ അധികമൊന്നും മുന്നോട്ട് പോയിട്ടില്ല.

വരുമാനം കുറഞ്ഞോട്ടെ

അന്തസ് കുറയരുത്

വിദ്യാഭ്യാസമില്ലാത്ത മലയാളികൾ കുറവാണ്. പത്താം ക്ളാസ് കഴിഞ്ഞാൽ പ്ളസ്ടു. അത് കഴിഞ്ഞാൽ എം.ബി.ബി.എസ്, അല്ലെങ്കിൽ എൻജിനിയറിംഗ്. അതുമല്ലെങ്കിൽ ബി.എ, ബി.എസ്.സി, അല്ലെങ്കിൽ ബികോം, പിന്നെ കഴിയുമെങ്കിൽ ഒരു എം.എ.അതല്ലെങ്കിൽ ഒരു ബി.എഡ്. പിന്നെ ജോലിക്കായി കാത്തിരിപ്പിക്കാണ്. എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിലും രജിസ്റ്റർ ചെയ്യും. സ്വകാര്യസ്ഥാപനങ്ങളിലെ ജോലി ജോലിയായി കൂട്ടില്ല. സർക്കാർജോലി തന്നെ വേണം. അല്ലെങ്കിൽ ജീവിതകാലം മുഴുവൻ അൺ എംപ്ളോയ്ഡ് എന്ന ബാഡ്ജ് ചാർത്തി നടക്കും. പി.എസ്.സി.ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കഴിഞ്ഞാൽ എങ്ങനെയെങ്കിലും വിദേശത്തേക്ക് കടക്കാൻ ശ്രമിക്കും. അവിടെ എന്ത് ജോലിയാണെങ്കിലും മടിയില്ലാതെ ചെയ്യും. ഇപ്പോൾ പുതിയ ട്രെൻഡ് ഐ.ടി.ജോലിയാണ്. മാസം അയ്യായിരം രൂപയേ കിട്ടുകയുള്ളൂ എങ്കിലും ഐ.ടി.കമ്പനിയിലെ ജോലി മടിയില്ലാതെ ചെയ്യും. സർക്കാർ സർവീസിൽ പ്യൂണിന്റെ ജോലിയായാലും മതി,സന്തോഷമാണ്. എന്നിട്ട് വീട്ടിൽ ദിവസം ആയിരം രൂപയ്ക്ക് ബംഗാളിയെ ജോലിക്ക് നിറുത്തും. കടംവാങ്ങിയിട്ടാണെങ്കിലും ബംഗാളിക്ക് കൂലി കൊടുത്ത് കൊച്ചുമുതലാളിയെന്ന മട്ടിൽ ജീവിക്കും. ഇതെന്ത് സങ്കൽപമാണ് !

സർക്കാർ ജോലിക്കായി

മരിക്കാനും തയ്യാർ

കേരളത്തിൽ 45 ലക്ഷത്തോളം യുവാക്കൾ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിൽ പേരു ചേർത്ത് തൊഴിൽ കാത്തുകഴിയുന്നുണ്ട്. വർഷംതോറും ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയ ഒരു ലക്ഷത്തിലേറെ കുട്ടികളും ഹയർസെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒന്നരലക്ഷത്തോളം കുട്ടികളും തുടർപഠനമോ, പ്രത്യേക തൊഴിൽ നൈപുണികളോ നേടാതെ ചുറ്റുമുണ്ട്. ഉന്നതവിദ്യാഭ്യാസവും പ്രൊഫഷണൽ വിദ്യാഭ്യാസവും പൂർത്തിയാക്കിയ അധികംപേരും അനുയോജ്യമായ തൊഴിൽ നേടാനാവാതെ നിരാശരായി കഴിയുന്നു.

ഒന്നുകിൽ സർക്കാർ ജോലി, അല്ലെങ്കിൽ വിദേശജോലി എന്നതാണ് പൊതുവെ കേരളീയരുടെ പൊതുമനോഭാവം. അതിനായി പി.എസ്.സി.യിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ് യുവാക്കളിൽ നല്ലൊരു വിഭാഗവും. കാർഷികം, വ്യവസായം, ഐ ടി തുടങ്ങിയ മേഖലകളിൽ ധാരാളം ജോലികൾ നമ്മുടെ നാട്ടിൽത്തന്നെയുണ്ട്. ഉത്സാഹിച്ചാൽ നല്ല വരുമാനം നേടാവുന്നതാണ് ഇവയെല്ലാം. എന്നാൽ ആ ഭാഗത്തേക്കൊന്നും നമ്മുടെ യുവസമൂഹം കണ്ണുതുറക്കുന്നതേയില്ല. പി.എസ്.സി.റാങ്ക് ലിസ്റ്റിൽ ഇടം നേടിയിട്ടും സർക്കാർ ജോലി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഏതാനുംമാസങ്ങൾക്ക് മുമ്പ് സെക്രട്ടേറിയറ്റിനു മുമ്പിൽ രണ്ട് ഉദ്യോഗാർത്ഥികൾ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. പി.എസ്.സി.റാങ്ക് ലിസ്റ്റ് നീട്ടണമെന്നാവശ്യപ്പെട്ടുള്ള സമരവേദിയിലായിരുന്നു സംഭവം. സർക്കാർ ജോലിക്ക് സമൂഹം കൽപ്പിക്കുന്ന അമിത പ്രാധാന്യത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.

ബ്രിട്ടീഷുകാർ പഠിപ്പിച്ച വെള്ളക്കോളർ സംസ്‌കാരത്തിന്റെ ബാക്കിപത്രമാണ് ഈ മനോഭാവവും, ചെളിപുരളുന്നവർ താഴേക്കിടയിലുള്ളവരും കൊള്ളരുതാത്തവരുമെന്ന ചിന്താഗതിയും. വിവാഹം ആലോചിക്കുമ്പോൾ വരന്റെ സർക്കാർ ജോലിക്ക് പ്രഥമ പരിഗണന നൽകുന്നതിന്റെ പിന്നിലും ഈ മനോഭാവം തന്നെ.

വാസ്തവത്തിൽ പുത്തൻ തൊഴിൽമേഖലകളുടെ കടന്നുവരവോടെ നാട്ടിലെ കൈത്തൊഴിലുകളായ കൃഷി, മൃഗസംരക്ഷണം, കൈത്തറി, കയർ, മൺപാത്ര നിർമാണം മുതലായവ തീരെ നിറം മങ്ങിപ്പോയി. സുസ്ഥിരവും സ്വാശ്രയവുമായ വികസന സങ്കൽപത്തിനെതിരാണ് ഈ പ്രവണതകൾ. ലോകത്തെവിടെയും നേട്ടങ്ങളുണ്ടാക്കാൻ കഴിവുള്ള മലയാളിക്ക് എന്തുകൊണ്ട് ഈ ദുരവസ്ഥ സംഭവിക്കുന്നെന്ന് ആരും ചിന്തിക്കുന്നില്ല.

ലോകം മാറിയത്

അറിയണം

ലോകം മാറുകയാണെന്ന് അറിയുകയും അംഗീകരിക്കുകയുമാണ്ആദ്യം വേണ്ടത്. സാങ്കേതിക വിദ്യകൾ മാറുന്നതിനനുസരിച്ച് തൊഴിൽ ജീവിതത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകൾ മാറിയേ പറ്റൂ,
ചെറുതായി വരുന്ന കംപ്യൂട്ടറുകൾ, വികസിച്ചുവരുന്ന കൃത്രിമബുദ്ധി, വർദ്ധിച്ചുവരുന്ന റോബോട്ടുകളുടെ ഉപയോഗം എന്നീ കാരണങ്ങളാൽ ലോകത്തുള്ള തൊഴിലുകളിൽ പകുതിയും അടുത്ത ഒരു തലമുറക്കകം അപ്രത്യക്ഷമാകുമെന്നാണ് ഓക്സ്‌ഫോർഡ് മാർട്ടിൻ സ്‌കൂളിൽ നടത്തിയ ഗവേഷണം സൂചിപ്പിക്കുന്നത്. അഞ്ചുവർഷം മുൻപ് സയൻസ് ഫിക്‌ഷൻപോലെ തോന്നിയ ആളില്ലാക്കാറുകൾ ഇപ്പോൾ വൻനഗരങ്ങളിൽ വിജയകരമായി ഓടിത്തുടങ്ങി. ഇലക്ട്രിക് കാറുകൾ നിരത്തുകളിൽ കൂടിവരുന്നു. പത്തുവർഷത്തിനകം വാഹനങ്ങളിൽ സ്റ്റിയറിങ് ഇല്ലാതാകും. കാറും ബസും ലോറിയും ട്രെയിനും കപ്പലും വിമാനവുമെല്ലാം കംപ്യൂട്ടർ നിയന്ത്രിക്കുന്ന കാലം അകലെയല്ല.

ഉന്നതബിരുദം നേടി തൊഴിൽനേടുക എന്നതായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിലെ കരിയർ സങ്കൽപം. സർക്കാരിലും സ്വകാര്യമേഖലയിലും ജോലിക്ക് കയറിക്കഴിഞ്ഞാൽ പിന്നെ പഠനവും പരിശീലനവുമെല്ലാം നിർബന്ധമില്ലെന്ന സ്ഥിതിയാണ്. സർക്കാരിലാണെങ്കിൽ 56 വരെയും സ്വകാര്യമേഖലയിൽ 60 വരെയും ജോലി ചെയ്താൽ മതി. അതും ഇരുപത് വയസ്സിൽ പഠിച്ച ബിരുദവുമായി ബന്ധപ്പെട്ടുമാത്രം. കേരളത്തിലെ പുതിയ തലമുറ തൊഴിൽകമ്പോളത്തിലെ ആവശ്യങ്ങൾക്ക് ഉതകാത്ത തരത്തിലുള്ള വിദ്യാഭ്യാസം നേടി തൊഴിലില്ലാത്തവരാകുന്നു. പ്രൊഫഷണൽ ബിരുദങ്ങളുള്ളവർക്ക് പോലും മിനിമം ശമ്പളം കിട്ടുന്നില്ല. ഉന്നതബിരുദങ്ങളുള്ളവർ പുറംനാടുകളിൽ പോയി യോഗ്യതയ്‌ക്കും ഏറെ താഴെയുള്ള ജോലി ചെയ്യുന്നു. ഇതേസമയം നമ്മുടെ ചുറ്റും ലക്ഷക്കണക്കിന് തൊഴിലുകളിൽ ആളെ കിട്ടാതെയായി. രണ്ടായിരവും മൂവായിരവും കിലോമീറ്റർ ദൂരത്തുനിന്നും ആളുകൾ കേരളത്തിലെത്തി തൊഴിൽനേടി പണം സമ്പാദിക്കുന്നു. മൂന്നുവർഷം ബിരുദവും ബിഎഡും കഴിഞ്ഞ അദ്ധ്യാപകരും നാലുവർഷം ഡിഗ്രി കഴിഞ്ഞ നഴ്സുമാരുമൊക്കെ മാസം പതിനായിരം രൂപക്ക് ജോലി കിട്ടാൻ മത്സരിക്കുമ്പോൾ പതിനെട്ട് വയസ് തികഞ്ഞ് പ്രത്യേകിച്ച് ഒരു പരിശീലനവുമില്ലാത്തവർ ധാരാളം തൊഴിലുകളിൽ ദിവസം അഞ്ഞൂറുമുതൽ ആയിരം രൂപ വരെ സമ്പാദിക്കുന്നു, മാസം ഇരുപതിനായിരത്തിന് മുകളിൽ പണമുണ്ടാക്കുന്നവരാണ് കേരളത്തിലെ മറുനാടൻ തൊഴിലാളികളിൽ ഏറെയും. മാറിയ ഈ സാഹചര്യം നമുക്ക് എളുപ്പത്തിൽ പുതിയ തലമുറയ്‌ക്ക് അനുകൂലമാക്കാം. അതിനുള്ള അത്യാധുനിക സാങ്കേതിക നൈപുണ്യപരിശീലനം നേടിയാൽ മതി. മരപ്പണിയാണെങ്കിലും മുടിവെട്ടാണെങ്കിലും വികസിതരാജ്യങ്ങളിൽ രണ്ടോ മൂന്നോ വർഷം പരിശീലനം നേടിയ ശേഷമാണ് തൊഴിൽരംഗത്ത് എത്തുന്നത്. ഓരോ തൊഴിലിലും സാങ്കേതികവിദ്യയുടെ പുരോഗതിയനുസരിച്ച് ഉപകരണങ്ങളുടെ ഉപയോഗങ്ങൾ വർദ്ധിക്കുകയാണ്. കേരളത്തിൽ ഇന്ന് 'അൺസ്‌കിൽഡ്' എന്ന് നാം ചിന്തിക്കുന്ന എല്ലാ ജോലിയും പരിശീലനത്തിന്റെയും ഉപകരണങ്ങളുടെയും സഹായത്തോടെ സ്‌കിൽഡ് ജോലിയായിട്ടാണ് മറ്റു രാജ്യങ്ങളിൽ അറിയപ്പെടുന്നത്. ഇത്തരത്തിൽ നമ്മുടെ തൊഴിലാളികളെ നവീകരിച്ചാൽ ഈ തൊഴിലുകളുടെ മാന്യത കൂടും, വരുമാനം വർദ്ധിക്കും, നമ്മുടെ കുട്ടികൾ അനാവശ്യമായി ബിരുദങ്ങൾ നേടി നമ്മുടെ തൊഴിൽകമ്പോളത്തിൽനിന്ന് പുറത്താകില്ല.

സങ്കൽപം

മാറണം

പറഞ്ഞുവരുന്നത് മാറിയ സാഹചര്യത്തിന് അനുസരിച്ച് തൊഴിൽസങ്കൽപങ്ങളും മാറണമെന്നാണ്. നൈപുണ്യവികസനത്തിന് കൊല്ലത്തെ നാഷണൽ സ്കിൽഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും അസാപ്പ് നൽകുന്ന സേവനങ്ങളും മികച്ച കാൽവയ്പുകളാണ്. അതിലേക്ക് അധികം പേർ എത്തുന്നില്ലെന്നതിന് കാരണം ബോധവത്‌കരണത്തിന്റെ അഭാവമാണ്. ഐ.ടി,ഇലക്ട്രോണിക്സ് രംഗത്തും യന്ത്രവൽകൃത പരമ്പരാഗത തൊഴിൽ മേഖലയിലും സാദ്ധ്യതകളുണ്ട്. സ്റ്റാർട്ടപ്പ് മിഷൻ പോലുള്ള സ്ഥാപനങ്ങൾ ഇൗരംഗത്ത് നൽകുന്ന പ്രോത്സാഹനം അഭ്തുതാവഹമാണ്. അത് വിനിയോഗിക്കാൻ സമൂഹം സന്നദ്ധമാകണം.സർക്കാർ ജോലിയുടെ പിന്നാലെ പോയി ജീവിതം നശിപ്പിക്കാതെ നല്ലപ്രായത്തിൽ നല്ല ജോലികൾ ചെയ്ത് വരുമാനം കണ്ടെത്താനുള്ള വിവേകം മലയാളികൾക്കുണ്ടാകണം.

Advertisement
Advertisement