യുവാക്കളുടെ അക്കൗണ്ടിലെത്തിയത് 2.44 കോടി; ഓൺലെെൻ തട്ടിപ്പെന്ന് സംശയം

Sunday 25 December 2022 1:16 AM IST

തൃശൂർ: പുതുതലമുറ ബാങ്കിൽ വെളുത്തൂർ സ്വദേശികളായ യുവാക്കൾ നവംബർ പതിനഞ്ചിന് തുടങ്ങിയ അക്കൗണ്ടിൽ ഡിസംബർ 17ന് ഉണ്ടായിരുന്നത് വെറും 14,520 രൂപ. പിറ്റേന്ന് ഇവരുടെ അക്കൗണ്ടിലെത്തിയത് 2.44 കോടി. കിട്ടിയ പണത്തിലെ നല്ലൊരു പങ്ക് യുവാക്കൾ അടിച്ചുപൊളിച്ചു. നാല് ലക്ഷം ചെലവിട്ട് നാല് ഐ ഫോൺ വാങ്ങി, രണ്ടെണ്ണം ഇവരെടുത്ത് രണ്ടെണ്ണം സുഹൃത്തുക്കൾക്ക് കൊടുത്തു. വിവിധ ധനകാര്യ സ്ഥാപനങ്ങളിലുണ്ടായിരുന്ന നാല് ലക്ഷത്തിൻ്റെ ബാദ്ധ്യതയും തീർത്ത് അടിച്ചുപൊളി തുടരുമ്പോഴാണ് സെെബർ പൊലീസിൻ്റെ പിടി വീണത്. പണം ഒറ്റയടിക്ക് മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതറിഞ്ഞ പുതുതലമുറ ബാങ്ക് പൊലീസിനെ സമീപിച്ചു. ക്രിപ്റ്റോ ട്രേഡിംഗ് ലക്ഷ്യത്തോടെ തങ്ങളുടെ ബാങ്കിൽ അക്കൗണ്ട് തുടങ്ങി ബാങ്കിനെ ചതിച്ചെന്നാണ് അവരുടെ വാദം. എന്നാൽ അക്കൗണ്ടിൽ എങ്ങനെ ഇത്രയും തുകയെത്തിയെന്ന കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. ഒരു വിദേശബാങ്കുമായി പുതുതലമുറ ബാങ്കിൻ്റെ ലയനനടപടി പുരോഗമിക്കുന്നതിനാൽ സോഫ്ട് വെയറിൽ പ്രശ്നങ്ങളുള്ളതായി പറയുന്നു. ഇതുവഴി അബദ്ധത്തിൽ ബാങ്കിൽ നിന്ന് പണം യുവാക്കളുടെ അക്കൗണ്ടിലെത്തിയതാണോ പണമെന്ന് പരിശോധിക്കേണ്ടതുണ്ട്.

ബാങ്ക് ആപ്പിൽ സ്റ്റേറ്റ്മെൻ്റ് കിട്ടാതിരുന്നപ്പോൾ തുക 18,19 തീയതികളിൽ മറ്റ് അക്കൗണ്ടുകളിലേക്ക് പണം മാറ്റിയെന്നാണ് യുവാക്കൾ പൊലീസിനോട് പറഞ്ഞത്. 19 ബാങ്കുകളുടെ 54 അക്കൗണ്ടുകളിലേക്ക് 171 ഇടപാടുകളിലൂടെയാണ് പണം മാറ്റിയത്. ഈ അക്കൗണ്ടുകൾ ആരുടെ പേരിലാണെന്ന് തുടരന്വേഷണത്തിലേ വ്യക്തമാകൂ. 20നാണ് ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകിയത്. യുവാക്കൾ റിമാൻ്റിലാണ്.

ക്രിപ്റ്റോ വഴി ഡോളറാക്കി

യുവാക്കളെ ചോദ്യം ചെയ്തതിൽ നിന്ന് ക്രിപ്റ്റോയിലെ ബിനാൻസ് പ്ളാറ്റ്ഫോം വഴി പണം യു.എസ് ഡോളറാക്കിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇതിനു പിന്നിൽ തട്ടിപ്പുണ്ടോയെന്ന് എസ്.ഐ, എ.എ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്നുണ്ട്. പണം ഉപയോഗിച്ച വഴികൾ കണ്ടെത്തി തിരിച്ചു പിടിക്കേണ്ടതുണ്ട്. യുവാക്കളുടെ കെെവശവും സുഹൃത്തുക്കൾക്ക് നൽകിയതുമായ ഫോണുകൾ പൊലീസ് പിടിച്ചെടുത്ത് പരിശോധിച്ചു വരികയാണ്. ഒരാളുടെ പേരിൽ തുടങ്ങിയ അക്കൗണ്ടിൽ മറ്റൊരാളുടെ ഫോൺനമ്പർ ഇടപാടുകൾക്ക് നൽകിയതിലെ ദുരൂഹതയും അന്വേഷിക്കും. നിസാര തുക ഉണ്ടായിരിക്കെ ബാങ്ക് സ്റ്റേറ്റ്മെൻ്റ് കിട്ടാതിരുന്നിട്ടും എങ്ങനെ ലക്ഷങ്ങൾ മറ്റ് അക്കൗണ്ടിലേക്ക് മാറ്റിയെന്നതും തുടരന്വേഷണത്തിലേ വ്യക്തമാകൂ.

ക്രിപ്‌റ്റോ കറൻസി

ഡിജിറ്റൽ ലോകത്ത് നിലനിൽക്കുന്നതും സുരക്ഷ ഉറപ്പാക്കുന്നതും എൻ‌ക്രിപ്ഷൻ ഉപയോഗിക്കുന്നതുമായ, സാധാരണ പണം പോലുള്ള വിനിമയ മാദ്ധ്യമമാണ് ക്രിപ്‌റ്റോകറൻസി. റിസർവ് ബാങ്കും (ഇന്ത്യ) ഫെഡറൽ റിസർവും (യു.എസ്) പോലെ ഇവയ്‌ക്ക് നിയന്ത്രണമില്ല. ക്രിപ്‌റ്റോ' (ഡാറ്റാ എൻ‌ക്രിപ്ഷൻ), 'കറൻസി' (കൈമാറ്റ മാദ്ധ്യമം) എന്നിവയിൽ നിന്നാണ് ക്രിപ്‌റ്റോകറൻസിയെന്ന വാക്കുണ്ടായത്. ഡിജിറ്റൽ (വെർച്വൽ) പണമായതിനാൽ ഇലക്‌ട്രോണിക് രൂപത്തിലേ നിലനിൽക്കൂ. സ്വകാര്യ കീയില്ലാതെ ആർക്കും എടുക്കാനാകില്ല.

Advertisement
Advertisement