സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ഉന്നത പദവിയിൽ ഇന്ത്യൻ വംശജൻ
Sunday 25 December 2022 5:05 AM IST
വാഷിംഗ്ടൺ : ഇന്ത്യൻ-അമേരിക്കൻ വംശജനായ നയതന്ത്രജ്ഞൻ റിച്ചാർഡ് വർമ്മയെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ഡെപ്യൂട്ടി സെക്രട്ടറി ഒഫ് സ്റ്റേറ്റ് ഫോർ മാനേജ്‌മെന്റ് ആൻഡ് റിസോഴ്സ് പദവിയിലേക്ക് നോമിനേറ്റ് ചെയ്തു. ഇതാദ്യമായാണ് ഇന്ത്യൻ വംശജനായ ഒരാൾക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ ഏറ്റവും ഉയർന്ന പദവി ലഭിക്കുന്നത്. ബൈഡന്റെ നാമനിർദ്ദേശത്തിന് ഇനി സെനറ്റിന്റെ അംഗീകാരം കൂടി ലഭിക്കണം.
നിലവിൽ മാസ്റ്റർ കാർഡിന്റെ ഗ്ലോബൽ പബ്ലിക് പോളിസി തലവനും ചീഫ് ലീഗൽ ഓഫീസറുമായ റിച്ചാർഡ് 2015 ജനുവരി 16 മുതൽ 2017 ജനുവരി 20 വരെ ഇന്ത്യയിലെ യു.എസ് അംബാസഡറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഭിഭാഷകൻ കൂടിയായ 54കാരനായ റിച്ചാർഡ് മുമ്പ് ബറാക് ഒബാമ ഭരണകൂടത്തിൽ അസിസ്റ്റന്റ് സെക്രട്ടറിയായും സെനറ്റർ ഹാരി റീഡിന്റെ ഉപദേശകനായും പ്രവർത്തിച്ചിട്ടുണ്ട്.