തണുത്ത് വിറച്ച് യു.എസ്  ഇതുവരെ 15 മരണം

Sunday 25 December 2022 5:05 AM IST

ന്യൂയോർക്ക് : കടുത്ത ശൈത്യത്തിലും ശീതക്കൊടുങ്കാറ്റിലും വിറച്ച് അമേരിക്ക. രാജ്യമെമ്പാടും ആകെ 16 ലക്ഷത്തോളം വീടുകളിലും സ്ഥാപനങ്ങളിലും ഇന്നലെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കടുത്ത മഞ്ഞുവീഴ്ചയും ശക്തമായ ശീതക്കാറ്റും താപനില കുത്തനേ താഴാനിടയായി. ബുധനാഴ്ച മുതൽ നാല് സ്റ്റേറ്റുകളിലായി കുറഞ്ഞത് 15 പേർ ശൈത്യവുമായി ബന്ധപ്പെട്ട് മരിച്ചെന്നാണ് കണക്ക്. ഹൈവേകളിൽ പലയിടത്തും ഗതാഗത തടസ്സം നേരിടുന്നുണ്ട്. മഞ്ഞിൽ തെന്നി വാഹനങ്ങൾക്ക് വ്യാപകമായി അപകടം സംഭവിക്കുന്നു. വെള്ളിയാഴ്ച രാജ്യത്ത് 5,​000ത്തിലേറെ വിമാന സർവീസുകൾ റദ്ദാക്കുകയും 10,​000ത്തിലേറെ സർവീസുകൾ വൈകുകയും ചെയ്തിരുന്നു. - 48 ഡിഗ്രി സെൽഷ്യസാണ് വെള്ളിയാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയെന്ന് നാഷണൽ വെതർ സർവീസ് അറിയിച്ചു. വരും ദിവസങ്ങളിലും കാലാവസ്ഥ ദുഃസ്സഹമായി തുടരും. മണിക്കൂറിൽ 60 മൈൽ വേഗതയിലോ അതിൽ കൂടുതലോ ഉള്ള ശീതക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പുണ്ട്. ഫിലാഡെൽഫിയയും പിറ്റ്സ്ബർഗും കണ്ട ഏറ്റവും തണുത്ത ഡിസംബർ 24 ആയിരുന്നു ഇന്നലെ.