പുകഞ്ഞു കത്തി പോസ്റ്റർ വിവാദം, നേതാവിന് കല്ലിനിടി

Wednesday 28 December 2022 12:00 AM IST

കോട്ടയം: കോട്ടയത്തെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വീണ്ടും പുകഞ്ഞു കത്തിയ പോസ്റ്റർ വിവാദം കൈയ്യാങ്കളിയിലെത്തി. എ വിഭാഗം ഉമ്മൻചാണ്ടി ഗ്രൂപ്പിലള്ള യൂത്ത്കോൺഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാറിനെ ഡി.സി.സി ഓഫീസ് സെക്രട്ടറി ലിബിൻ ഐസക്ക് കല്ല് കൊണ്ട് ഇടിച്ചുവെന്നാണ് പരാതി. പരിക്കേറ്റ മനു ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ കോരുത്തോട്ടിൽ നടന്ന ബഫർസോൺ വിരുദ്ധ സമര പോസ്റ്ററിൽ ഉമ്മൻചാണ്ടിയുടെ ചിത്രം ഒഴിവാക്കിയതിനെ ചൊല്ലിയള്ള വാക്കേറ്റമാണ് കൈയ്യാങ്കളിയിലെത്തിയത്. കോൺഗ്രസ് ഔദ്യോഗിക വിഭാഗത്തിന് അനഭിമതനായ ശശി തരൂരിന് ഉമ്മൻചാണ്ടി അനുകൂലികളായ യൂത്ത് കോൺഗ്രസ് നേതാക്കൾ നേരത്തേ കോട്ടയത്ത് സ്വീകരണം നൽകുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പോസ്റ്ററിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് തുടങ്ങിയവരുടെ ചിത്രം ഒഴിവാക്കിയത് വിവാദമായതോടെ ഇവരുടെ ചിത്രം കൂടി ചേർത്ത് പുതിയ പോസ്റ്റർ ഇറക്കിയിരുന്നു. ശശി തരൂർ പങ്കെടുത്ത യൂത്ത് കോൺഗ്രസ് പരിപാടി തിരുവഞ്ചൂർ രാധാകൃഷ്ണൻ, നാട്ടകം സുരേഷ് തുടങ്ങിയവർ ബഹിഷ്കരിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായിട്ടാണ് ബഫർസോൺ പരിപാടിയിൽ നിന്ന് ഉമ്മൻചാണ്ടിയുടെ ചിത്രം ഒഴിവാക്കിയതിനെ എ ഗ്രൂപ്പ് യൂത്ത് കോൺഗ്രസ് നേതാക്കൾ കാണുന്നത് .

വർഷങ്ങളായി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പിന്റെ ശക്തി കേന്ദ്രമായിരുന്നു കോട്ടയം. ചികിത്സയുടെ ഭാഗമായി ഉമ്മൻചാണ്ടി സജീവ രാഷ്ട്രീയത്തിൽ നിന്ന് അകന്നതോടെ കോട്ടയത്തെ എ ഗ്രൂപ്പ് പിളർന്ന് ഒരു വിഭാഗം ഔദ്യോഗിക ഗ്രൂപ്പുമായി അടുത്തുവെന്നാണ് ആരോപണം. ലോക് സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ എ ഗ്രൂപ്പിലെ ചില നേതാക്കൾ കളം മാറി ചവിട്ടിയെന്നും ഇതിന്റെ ഭാഗമാണ് ഉമ്മൻചാണ്ടിയുടെ ചിത്രം പോസ്റ്ററിൽ നിന്ന് ഒഴിവാക്കിയതെന്നുമാണ് കുറ്റപ്പെടുത്തൽ. പുതുപ്പള്ളി സീറ്റ് സ്വപ്നം കണ്ടു രംഗത്തെത്തിയ ചിലരും ഔദ്യോഗിക വിഭാഗത്തോട് കൂടുതൽ അടുക്കുകയാണ്.

നാട്ടകം സുരേഷ് ഡി.സി.സി പ്രസിഡന്റ് പറയുന്നു.

യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാറിന് മർദ്ദനമേറ്റ സംഭവത്തെക്കുറിച്ച് സംഘടനാ പ്രശ്നമെന്ന നിലയിൽ അന്വേഷിക്കും .കൂടുതൽ പ്രതികരിക്കാനില്ല

രാഷ്ട്രീയ കാര്യസമിതി അംഗം കെ.സി.ജോസഫ് പറയുന്നു.

പേരും ഫോട്ടോയും ഒഴിവാക്കിയെന്ന പ്രചാരണം ദുരുദ്ദേശ്യപരമാണ്. ഉമ്മൻചാണ്ടി നിർദ്ദേശപ്രകാരമാണ് പരിപാടി വച്ചതും ഫോട്ടോ ഒഴിവാക്കിയതും

.

Advertisement
Advertisement