സ്‌ത്രീ സൗഹൃദ നഗരമായി തിരുവനന്തപുരം മാറുന്നു: ആര്യ രാജേന്ദ്രൻ

Wednesday 28 December 2022 3:46 AM IST

തിരുവനന്തപുരം:സ്‌ത്രീ സൗഹൃദ നഗരമായി തിരുവനന്തപുരം മാറുന്നതിന്റെ ഉദാഹരണമാണ് പേട്ടയിലെ വനിതാ വിശ്രമ കേന്ദ്രമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. പേട്ട വാർഡ് വനിതാവിശ്രമ കേന്ദ്രവും കഫറ്റീരിയയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ. വിദ്യാഭ്യാസം-ആരോഗ്യം-ക്ഷേമകാര്യം ഉൾപ്പെടെ എല്ലാ മേഖലയിലും നഗരസഭ മുന്നേറ്റം നടത്തുകയാണ്. എന്നാൽ അതിനെ ഇകഴ്‌ത്തിക്കാണിക്കാനാണ് ചിലർ ശ്രമിക്കുന്നത്. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും ജനങ്ങൾ കൂടെയുള്ളതാണ് ഭരണസമിതിയുടെ പ്രതീക്ഷയെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു. ഡെപ്യൂട്ടി മേയർ പി.കെ.രാജു അദ്ധ്യക്ഷത വഹിച്ചു. സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.സലിം, ഡി.ആർ.അനിൽ, ആതിര.എൽ.എസ്, ജിഷ ജോൺ, സിന്ധു വിജയൻ,റീന.കെ.എസ്, നഗരസഭ സൂപ്രണ്ടിംഗ് എൻജിനീയർ ജി.എസ്.അജിത് കുമാർ,വാർഡ് കൗൺസിലർ സി.എസ്.സുജാദേവി തുടങ്ങിയവർ പങ്കെടുത്തു.

18 ലക്ഷം രൂപ, പണം ഇനിയും വേണം

നഗരസഭയുടെ വനിതാക്ഷേമ പദ്ധതിയുടെ കീഴിലാണ് സ്ത്രീസൗഹൃദ മുലയൂട്ടൽ കേന്ദ്രമടങ്ങുന്ന വിശ്രമമുറിയും കഫറ്റീരിയയും പേട്ട കേരളകൗമുദി ഓഫീസിനു മുന്നിലെ കെ.പങ്കജാക്ഷൻ ഓപ്പൺ എയർ ഓഡിറ്റോറിയം കോമ്പൗണ്ടിൽ നിർമ്മിച്ചത്. 18 ലക്ഷം രൂപയുടേതാണ് പദ്ധതി. ഉപകരണങ്ങളും മറ്റും വാങ്ങാൻ 6 ലക്ഷം രൂപ ഇനിയും വേണ്ടിവരും. ടെൻഡർ നടപടികൾ പൂർത്തിയാക്കി രണ്ടാഴ്ചയ്‌ക്കകം പ്രവർത്തനം ആരംഭിക്കും. മുലയൂട്ടൽ കേന്ദ്രവും ടോയ്ലെറ്റും ഉൾപ്പെടുന്ന വിശ്രമമുറിയിൽ സ്ത്രീകൾക്ക് മാത്രമേ പ്രവേശനമുള്ളൂ. പ്രവേശനം തികച്ചും സൗജന്യമാണ്. കഫറ്റീരിയയിൽ സ്‌ത്രീകൾക്ക് പുറമെ മറ്റുള്ളവർക്കും ഭക്ഷണം കഴിക്കാം. വിശ്രമകേന്ദ്രത്തിന്റെ ശരിയായ നടത്തിപ്പിനും ശുചീകരണത്തിനും വേണ്ടിയാണ് കരാർ ഏർപ്പെടുത്തി കഫറ്റീരിയ പ്രവർത്തിപ്പിക്കുന്നത്. വിശ്രമകേന്ദ്രത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് കഫറ്റീരിയ നടത്തിപ്പുകാരാണ്. പേട്ട റെയിൽവേ സ്റ്റേഷനിൽ വരുന്നവർക്കും സമീപത്തെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും പാർക്കിൽ വരുന്നവർക്കും പൊതുജനങ്ങൾക്കും വിശ്രമമുറിയുടെയും കഫറ്റീരിയയുടെയും സേവനങ്ങൾ ആസ്വദിക്കാം.നാപ്‌കിൻ വെൻഡിംഗ് മെഷീനും കുടിവെള്ള കിയോസ്‌കും ഇവിടെയുണ്ടാകും.പാർക്കിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിന് യാതൊരു മാറ്റവും വരാത്ത രീതിയിലാണ് നിർമ്മാണം.

Advertisement
Advertisement