വീടിനായി പുനർഗേഹവും പി.എം.എ.വൈയുമുണ്ട്; തൈക്കടപ്പുറക്കാർക്ക് വീട്ടുനമ്പറില്ല

Tuesday 27 December 2022 11:25 PM IST

നീലേശ്വരം: കടലിനോട് ഇഴുകിചേർന്ന് പരമ്പരാഗതമായി ജീവിക്കുന്ന മത്സ്യതൊഴിലാളികൾക്ക് തീരദേശപരിപാലന നിയമം എത്ര രൂക്ഷമായി ബാധിക്കുമെന്നതിന് നീലേശ്വരം നഗരസഭയിലെ അഞ്ച് തീരദേശവാർഡുകളിലേക്ക് ഒന്ന് എത്തിനോക്കിയാൽ മതി. താൽക്കാലിക നമ്പർ വാങ്ങി കേന്ദ്ര-സംസ്ഥാന പദ്ധതികൾ വഴി വല്ല വിധേനയും വീട് നിർമ്മിക്കുന്നവർ തീരദേശപരിപാലന നിയമത്തിലെ കാഠിന്യം കാരണം വീട്ടുനമ്പർ ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് ഇവിടെ.

പുനർഗേഹം പദ്ധതി പ്രകാരം ഇരുന്നൂറ് മീറ്റർ ദൂരപരിധിയാണ് തീരദേശത്ത് പാലിക്കേണ്ടത്. പി.എം.എ വൈ പദ്ധതിയിൽ അഞ്ഞൂറ് മീറ്ററും. തീരദേശ പരിപാലന നിയമം രണ്ട് വിഭാഗത്തിലാണ് നീലേശ്വരം നഗരസഭ.എന്നാൽ തൊട്ടടുത്തുള്ള കാഞ്ഞങ്ങാട് നഗരസഭ ഇതെ പ്രകൃതി പശ്ചാത്തലത്തിലാണെങ്കിലും തീരദേശപരിപാലനനിയമം രണ്ടിൽ അല്ല. 25 മുതൽ 29 വരെയുള്ള അഞ്ചു വാർഡുകളിലാണ് മത്സ്യതൊഴിലാളി കുടുംബങ്ങൾ വീട് നിർമ്മിക്കാൻ പോലും കഴിയാതെ നിയമം മൂലം സഹികെട്ടുനിൽക്കുന്നത്. ഇരുന്നൂറ് മീറ്റർ മാറിയാൽ റോഡിനോട് ചേർന്ന സ്ഥലമാണ്.ഇവിടെ സ്ഥലം ലഭിക്കാനുമില്ല.

കടലാണ്,​മീൻപിടിത്തമാണ്....

പുലർച്ചെ മൂന്നുമണിയോടെ കടലിലേക്ക് ഇറങ്ങുന്നവരാണ് മത്സ്യതൊഴിലാളികൾ. നിശ്ചിത പരിധിയ്ക്ക് അകലെ താമസിച്ചാൽ ഇവരുടെ ജോലിയെ ഇത് ബാധിക്കും. തൈക്കടപ്പുറം പ്രദേശത്ത് നിന്ന് വീട് വെക്കാൻ സൗകര്യമില്ലാത്തതിന്റെ പേരിൽ 27 കുടുംബങ്ങൾ കടപ്പുറം വിട്ടുപോയെന്ന് വാർഡ് മെമ്പർ വി.വിനു പറയുമ്പോൾ പരമ്പരാഗതമായ ആവാസവ്യവസ്ഥയ്ക്ക് നേരെ നിയമം കണ്ണടക്കുന്നതിന്റെ പ്രയാസം തന്നെയാണ് ബോദ്ധ്യപ്പെടുന്നത്.

ഇരുട്ടടിയായി യു.എ നമ്പർ

വീട് വയ്ക്കുമ്പോൾ യു.എ. നമ്പർ (അൺ ഓതറൈസ്ഡ് കൺസ്ട്രക്ഷൻ നമ്പർ) എടുത്തതാണ് ഇപ്പോൾ തീരദേശത്തെ പലർക്കും തലവേദനയായത്. മുന്നൂറു രൂപയോ 350 രൂപയോ ഒക്കെ കരമടയ്‌ക്കേണ്ടിയിരുന്ന വീടിന് ഇതുകാരണം മൂന്നിരട്ടി അടക്കണം. കടലിൽ പോയാൽ കിട്ടുന്ന പൈസയ്ക്ക് കുടുംബം പോറ്റാൻ പാടുപെടുന്നവരാണ് ഇവരിൽ അധികവും . നിശ്ചിത ദിവസത്തിനകം പണമടച്ചില്ലെങ്കിൽ റവന്യു റിക്കവറിയുണ്ടാകുമെന്ന് ഭയന്ന് കടം വാങ്ങിയും പണയംവച്ചുമാണ് പലരും പണം അടയ്ക്കുന്നത്.

ഇതെ യു.എ. നമ്പർ വച്ചാണ് ഇവിടുത്തുകാർ റേഷൻ കാർഡ് എടുത്തതെന്നതിനാൽ ആർക്കും ബി.എ.പി.എൽ കാർഡ് ഇല്ല. എട്ടുകിലോ അരിയാണ് ലഭിക്കുന്നത്. നഗരസഭയിൽ നിന്ന് ഇവരുടെ വീടിന്റെ തറവിസ്തീർണം അളന്ന് നൽകിയാൽ ഇവർ മുൻഗണനാ വിഭാഗത്തിലെത്തും. പക്ഷെ അവിടെയും സാങ്കേതികത്വം വില്ലനാകുകയാണ്. ഉയർന്ന കാർഡായതുകൊണ്ട് സ്‌കോളർഷിപ്പോ മറ്റ് അർഹതപ്പെട്ട ധനസഹായങ്ങളോ ഈ കുടുംബങ്ങളിലേക്ക് എത്തുന്നില്ല.

പന്ത്രണ്ടു വർഷം മുമ്പാണ് ഫിഷറീസ് വകുപ്പിന്റെ ഭവന നിർമ്മാണ പദ്ധതിയിൽ വീടു പണിതത്. കടലിൽ നിന്ന് കുറഞ്ഞത് 100 മീറ്റർ പുറത്താണ് . സർക്കാർ നൽകിയ വീടായിട്ടുപോലും വീട്ടു നമ്പർ കിട്ടിയിട്ടില്ല. വർഷം കുറെ ആയി വീട്ടു നമ്പറിന് നടക്കുന്നു. താത്കാലിക നമ്പർ എടുത്തതിനാൽ കരമടച്ച് കഷ്ടപ്പെടുകയാണ്. കഴിഞ്ഞ ദിവസം 7320 രൂപ അടയ്ക്കണമെന്ന് പറഞ്ഞ് നോട്ടീസ് വന്നു.കടലിപ്പോയാൽ തന്നെ അടുപ്പു പുകയാൻ വകയില്ല.- കെ.ബാലകൃഷ്ണൻ (മത്സ്യതൊഴിലാളി ,​ തൈക്കടപ്പുറം)​

വീട്ടുനമ്പർ കിട്ടാത്തതിനാൽ ഇല്ല

ആരോഗ്യ ഇൻഷുറൻസ്

വിദ്യാർത്ഥി സ്‌കോളർഷിപ്പ്

ബി.പി.എൽ കാർഡ്

Advertisement
Advertisement