കണ്ണൂർ വിമാനത്താവളത്തിൽ 95 ലക്ഷത്തിന്റെ സ്വർണം പിടികൂടി

Tuesday 27 December 2022 11:29 PM IST

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ 95 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. യാത്രക്കാരനിൽ നിന്ന് 55 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയപ്പോൾ 39 ലക്ഷം രൂപയുടെ സ്വർണം വിമാനത്താവളത്തിലെ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദുബായിൽ നിന്ന് ഗോ ഫസ്റ്റ് വിമാനത്തിലെത്തിയ കാസർകോട് പള്ളിക്കര സ്വദേശി അർഷാദ് മൊവ്വലിൽ നിന്നാണ് 55 ലക്ഷം രൂപ വിലവരുന്ന 1043 ഗ്രാം സ്വർണം പിടിച്ചത്.

പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാലു ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. അറൈവൽ എമിഗ്രേഷൻ കൗണ്ടറിനടുത്ത ശുചിമുറിയിലാണ് 39 ലക്ഷം രൂപയുടെ 749 ഗ്രാം സ്വർണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മിശ്രിത രൂപത്തിലുള്ള സ്വർണം പിടിക്കപ്പെടുമെന്നായപ്പോൾ ഉപേക്ഷിച്ചതാണെന്ന് കരുതുന്നു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ സി.വി.ജയകാന്ത്, അസി.കമ്മിഷണർ ഇ.വി.ശിവരാമൻ, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ശ്രീവിദ്യ സുധീർ, ഗീതാകുമാരി, ഇൻസ്‌പെക്ടർമാരായ കെ.ആർ.നിഖിൽ, സന്ദീപ് ദാഹിയ, നിശാന്ത് താക്കൂർ, ഹവിൽദാർ എം.വി.വത്സല എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Advertisement
Advertisement