മലബാറിക്കസിന്റെ പാട്ടിൽ ത്രസിച്ച് ബേക്കൽബീച്ച്

Tuesday 27 December 2022 11:31 PM IST

കാസർകോട് :ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രമുഖ പിന്നണി ഗായിക സിതാരാ കൃഷ്ണകുമാറിന്റെ സിതാരാസ് പ്രൊജക്ട് മലബാറിക്കസ് മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിൽ അരങ്ങേറിയ സംഗീതനിശ ബേക്കൽ ബീച്ചിനെ ആവേശത്തിലാഴ്ത്തി. രണ്ട് മണിക്കൂറോളം നീണ്ട സംഗീത പരിപാടി ആസ്വദിക്കാൻ പതിനായിരങ്ങളാണെത്തിയത്.

സിതാരയ്ക്കൊപ്പം ഗായകൻ നിരഞ്ജ് സുരേഷും ഗാനങ്ങളുമായി വേദിയിലെത്തി. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് സിതാര തന്നെ ഈണം നൽകിയ 'ഓരോ ഋതുവിനുള്ളിൽ .. ' എന്ന ഗാനത്തോടെയായിരുന്നു തുടക്കം. പിന്നീടുള്ള ഓരോ പാട്ടുകളിലും സദസ്സ് അലിഞ്ഞ് ചേരുകയായിരുന്നു. ഒപ്പം പാടി, നൃത്തം വെച്ച് സംഗീത നിശയിൽ മതിമറന്നാടുകയായിരുന്നു ഓരോരുത്തരും. മനുഷ്യൻ പ്രകൃതിയിലുണ്ടാക്കുന്ന ചൂഷണങ്ങൾ പറയുന്ന 'അരുതരുത്..' എന്ന ഗാനം വേറിട്ടതായി. ബി.കെ ഹരിനാരായണന്റെ മനോഹരമായ വരികൾക്ക് പ്രൊജക്ട് മലബാറിക്കസ് ആണ് ഈണം നൽകിയിരിക്കുന്നത്. കെ രാഘവൻ മാസ്റ്ററുടെ 'എല്ലാരും ചൊല്ലണ്..' മുതൽ ഓരോ തലമുറയും ഏറ്റെടുത്ത ഗാനങ്ങൾ സിതാര അതിമനോഹരമാക്കുകയായിരുന്നു.


ബേക്കൽ ഫെസ്റ്റിൽ ഇന്ന്
ബേക്കൽ ഫെസ്റ്റിവലിൽ ഇന്ന് വൈകിട്ട് ആറിന് സാംസ്‌കാരിക സമ്മേളനം ക്യൂബൻ അംബാസിഡർ അലിജാൻഡ്രോ സിമാൻകാസ് മാരിൻ ഉദ്ഘാടനം ചെയ്യും. കേരള ആസൂത്രണ ബോർഡ് അംഗം സന്തോഷ് ജോർജ് കുളങ്ങര പ്രഭാഷണം നടത്തും. ഡോ.വി.ശിവദാസൻ എം.പി മുഖ്യാതിഥിയാകും. വേദി ഒന്നിൽ രാത്രി 7.30ന് നാടൻപാട്ടും ചടുല താളമേളങ്ങളുമായി പ്രസീത ചാലക്കുടിയും സംഘവും അരങ്ങിലെത്തും. വേദി രണ്ടിൽ കുടുംബശ്രീ പ്രവർത്തകരുടെ ശിവതാണ്ഡവം, ക്ലാസിക്കൽ ഡാൻസ്, കാവടിയാട്ടം(ക്ലാസിക്കൽ), തായമ്പക, സെമി ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, കോൽക്കളി എന്നിവ അരങ്ങേറും. വേദി മൂന്നിൽ സാംസ്‌കാരിക സംഘടനകളുടെ കലാപരിപാടികൾ നടക്കും. കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ കോൽക്കളി, മംഗലംകളി എന്നിവയും കവി എം.കെ.അഹമ്മദ് പള്ളിക്കരയുടെ ഓർമ്മകളുമായി ഇശൽ വിരുന്ന് എന്നിവ അരങ്ങേറും.

Advertisement
Advertisement